ENTERTAINMENT

സിദ്ധീഖ് എഴുതുന്നു. എൻ്റെ ഭ്രാന്തൻ ചിന്തകൾ..

എന്റെ ഭ്രാന്തൻ ചിന്തകൾ…69.ആരോടും പറയരുത്..സാമാന്യ യുക്തിക്ക്, ബുദ്ധിക്ക് നിരക്കാത്ത, മറ്റൊരാൾക്ക് വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളുണ്ടാവും നമ്മളിൽ പലരുടെയും ജീവിതത്തിൽ..പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പ്, എന്റെ ബാല്യകാലത്തിൽ, പന്ത് കളിയും കോട്ടി (ഗോലി) കളിയും കുട്ടിയും കോലും കളിയും ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നെങ്കിലും, ഞങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്നത് മീൻപിടുത്തവും തോട്ടിലും വയലിലുമെല്ലാം ചാടി കളിക്കുന്നതും കുത്തി മറിയുന്നതും ഒക്കെയായിരുന്നു..ഇന്നെന്നപോലെ അന്നും എനിക്ക് പ്രിയപ്പെട്ടത് മീൻപിടുത്തമായിരുന്നു..

ചൂണ്ട കൊത്തുന്നത് കണ്ടാൽ അത് ഏത് മീനാണെന്ന് പറയാൻ കഴിയുമായിരുന്നു ഞങ്ങളിൽ പലർക്കും..കൂരി ഇര കടിച്ച ഉടനെ, മറ്റെവിടെയെങ്കിലും പോയി സ്വസ്ഥമായിട്ട് കഴിക്കാം എന്ന് വിചാരിച്ചിട്ടാവും, ഒരു ഓട്ടക്കാരന്റെ മെഴ് വഴയക്കത്തോടെ ചൂണ്ട ഇരുവശങ്ങളിലേക്കും ചലിപ്പിച്ച് വേഗത്തിലോടും. തൊണ്ണത്തി യാണെങ്കിൽ, അത് കൂടുതലും മാളങ്ങളിലാണ് ഉണ്ടാവാറ്. ഒരേ വേഗത്തിൽ അതിന്റെ ലക്ഷ്യസ്ഥാനം എത്തുന്നത് വരെ ( നമ്മൾ ചൂണ്ട വലിച്ചില്ലെങ്കിൽ) ചൂണ്ട വലിച്ചു കൊണ്ടു പോകും. മൊഴു, കടു, പൂസാൻ, ബ്രാല്, ആരല്, മഞ്ഞില്, ചെള്ളി( കൊഞ്ച്, ചെമ്മീൻ ) ഞണ്ട്,നീർക്കോലി ഇവയെല്ലാം ചൂണ്ടയിലെ ഇര കടിച്ച്, ചൂണ്ട ചലിപ്പിക്കുന്നത് വ്യത്യസ്തങ്ങളായിട്ടായിരുന്നു..വേനലിനു ശേഷം മഴക്കാലത്തിന്റെ തുടക്കത്തിൽ, മഴ പെയ്ത് പുഴ നിറഞ്ഞ് തോട്ടിലേക്കും വയലിലേക്കുമൊക്കെ വെള്ളം കയറുമ്പോളാണ് മീൻപിടുത്ത ചാകര..തോട്ടിലേക്കും വയലിലേക്കും മീൻ കയറുന്നത് കാണാനും അതിനെ പിടിക്കാനുള്ള ആളുകളുടെ ശ്രമവും അവിസ്മരണീയ അനുഭൂതിയായിരുന്നു..

ഓരോ തരം മീനുകളും കൂട്ടം കൂട്ടമായായിരുന്നു കയറിയിരുന്നത്..മഴക്കാലം ക്ഷയിച്ചു തുടങ്ങി, മുകളിൽ നിന്ന് ഒഴുകിവരുന്ന കൈത്തോട് എന്റെ വീടിന്റെ അടുത്തുള്ള തോട്ടിലാണ് ( അരുവി) കൂടിച്ചേരുന്നത്..പതിവുപോലെ മീൻ പിടിച്ചു കൊണ്ടിരിക്കുമ്പോളാണ് ആ അവിശ്വസനീയ കാഴ്ച ഞങ്ങൾ കണ്ടത്. ആ കൈത്തോടിലൂടെ കൊഞ്ചുകൾ( ചെമ്മീൻ) കൂട്ടംകൂട്ടമായി തോട്ടിലേക്കിറങ്ങുന്നത്. ചെറിയ ചെറിയ കുഞ്ഞുങ്ങളായിരുന്നു 90% വും. നമ്മുടെ ഒരു കൈക്കുമ്പിളിൽ അമ്പതോ നൂറോ എണ്ണത്തിനെയെങ്കിലും ഉൾക്കൊള്ളിക്കാനാവും. അത്രയ്ക്ക് ചെറുതായിരുന്നു അവ. അത് പതിനായിരങ്ങളോ ലക്ഷങ്ങളൊ ഉണ്ടായിരുന്നു. വെള്ളം കയറിയപ്പോൾ കൈതൊടിലൂടെയോ തോടിലൂടെയോ കുളത്തിലോട്ടും വയലിലോട്ടും കയറി, അവരുടെ പ്രജനന ശേഷം തോട്ടിലേക്ക് തിരിച്ച് ഇറങ്ങുന്നത് ആവാം..ഖത്തറിൽ ഒരു വ്യാഴാഴ്ച വൈകുന്നേരം..ജോലിയൊക്കെ കഴിഞ്ഞ് കുളിയും തേവാരവും കഴിഞ്ഞ് എല്ലാവരും കിച്ചണിൽ സന്നിഹിതരായിരിക്കുന്നു..വിശാലമായ അടുക്കളയാണ്..

ആടിന്റെ തല അടുപ്പത്ത് വേവുന്നുണ്ട്.സോഡയൊ വെള്ളമോ അവനവന് വേണ്ടത് വിസ്കിയിൽ മിക്സ് ചെയ്ത് ഞങ്ങൾ അടി തുടങ്ങി.(നിയമപരമായ മുന്നറിയിപ്പ് മദ്യം ആരോഗ്യത്തിന് കുടുംബത്തിനും ഹാനികരം).പാട്ടും കഥയും ചർച്ചയും എല്ലാം അതിന്റെ മുറപോലെ നടക്കുന്നുണ്ട്. പൊതുവേ സംസാരപ്രിയനാണ് ഞാനെങ്കിലും, നല്ലൊരു ശ്രോതാവ്വാവാനും എനിക്ക് കഴിയാറുണ്ട്. പരിപാടിയുടെ അവസാനഘട്ടം എത്തിയപ്പോഴേക്കും ഓരോരുത്തരും ഫോൺ ചെയ്യാനും കിടക്കാനും ടിവി കാണാനുമൊക്കെയായി പോയി..ഞാനും പുതുതായി വന്ന മൂന്നുപേരും മാത്രമായി അടുക്കളയിൽ. പലതും സംസാരിക്കുന്നതിന്റെ ഇടയിൽ, പുഴയിൽ തോട്ട ഇട്ടതിനെ പറ്റിയും മീൻ പിടിച്ചതിനെ പറ്റിയുമൊക്കെ അവരിലൊരുത്തൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ, അതിന്റെ ഭാഗവത്തായി എന്റെ ചില അനുഭവങ്ങൾ ഞാനും പങ്കുവെച്ചു..മറ്റ് പലതും പറഞ്ഞതിന് ഇടയ്ക്ക് ഞാനവരോട് പറഞ്ഞ ഒന്നായിരുന്നു കൈത്തോടിലൂടെ തോട്ടിലേക്ക് വന്നു ചേരുന്ന പതിനായിരക്കണക്കിന് ചെമ്മീനിന്റെ കഥ..ഞാൻ പോയി കിടന്നു..ദിവസങ്ങൾക്ക് ശേഷം, എന്റെ അസാന്നിധ്യത്തിൽ, ലക്ഷക്കണക്കിന് ചെമ്മീൻ തോട്ടിലൂടെ ഇറങ്ങി വരുന്നത് കണ്ടുവെന്ന് പറഞ്ഞ് ബഡായി വിട്ടവനാണ് ഞാൻ, എന്ന് പറഞ്ഞ് എന്നെ പരിഹസിച്ചത്, എന്റെ ഒരു സുഹൃത്ത് മുഖാന്തരം ഞാനറിഞ്ഞു..ശരിയായിരുന്നു.. ആർക്കും അവിശ്വസനീയമായി തോന്നാവുന്ന ഒന്നായിരുന്നു അത്.. തോടും വയലും കൈത്തോടും മുതിർന്നവർ പറഞ്ഞ് മാത്രം കേട്ടിട്ടുള്ള ആ ചെറുപ്പക്കാരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ?..ചില സത്യങ്ങൾ അങ്ങനെയാണ്..

സിംഗപ്പൂരിൽ ഷിപ്പിയാഡിൽ ജോലി ചെയ്യുന്ന കാലം.. പല ആവശ്യങ്ങൾക്കുള്ള പലതരത്തിലുള്ള കപ്പലുകൾ കരയിലിട്ടും വെള്ളത്തിലിട്ടും പണിതുകൊണ്ടിരിക്കുന്നു.. അഞ്ഞൂറും അറുന്നൂറും ആളുകൾ പല കപ്പലുകളിലായി ജോലി ചെയ്യുന്നുണ്ട്.. ലഞ്ച് ബ്രേക്കിന് സമയമായി..11 :55 ന് സൈറൺ അടിച്ചു.. ജോലിക്കാരെല്ലാം പണിയായുധങ്ങളും മറ്റ് സാധനസാമഗ്രികളും ഒതുക്കി വെച്ച് ജോലി ചെയ്ത ഇടം വൃത്തിയാക്കി അടുത്ത സൈറൻ അടിക്കാനായി കാത്തുനിന്നു.. കൃത്യം 12 മണിക്ക് സൈറൺ അടിച്ചു.. മിനിറ്റുകൾ കൊണ്ട് ആളുകളെല്ലാം ഭക്ഷണം കഴിക്കാനായി കാന്റീനിലേക്കും മറ്റ് പലയിടത്തേക്കുമായി പോകാൻ തുടങ്ങി.. പണിയെല്ലാം പൂർത്തിയായി പോകാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിൽ ജോലി ചെയ്യുകയായിരുന്ന മ്യാൻമാർ കാരൻ തന്തേ (Than tay), തിരക്ക് കൂട്ടി വെളിയിലേക്ക് ഇറങ്ങുന്നതിനിടയിൽ കൈവിരൽ വാതിനുള്ളിൽ കുടുങ്ങി..മിനിറ്റുകൾക്കുള്ളിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തള്ളവിരൽ പൂർണ്ണമായും നഷ്ടപ്പെട്ടു..

ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇൻഷുറൻസ് ഏജൻസിയിൽ നിന്നും ആളുകൾ വന്ന് എപ്പോൾ?, എങ്ങനെ?, എവിടെ നിന്ന്?, എന്നൊക്കെ കൂടെ ജോലി ചെയ്തിരുന്നവരോടും മറ്റ് പലരോടുമായി അന്വേഷിച്ചു.. കപ്പലിന്റെ മെയിൻ ഡക്കിൽ എൻജിൻ റൂമിലേക്ക് സാധനങ്ങളും മറ്റും ഇറക്കാനാനും എമർജൻസി എക്സിറ്റായും ഉപയോഗിക്കുന്ന ഒരു വാതിലിന്റെ ബീഡിങ്ങ് ഫിറ്റ് ചെയ്യുകയായിരുന്നു തന്തേയും തമിഴ്നാട്ടുകാരൻ സൂസൈ മാണിക്യവും..കിണറിന് ഒരു അടപ്പ് വെച്ചാൽ എന്നപോലെ, ഒരു സൈഡ് പിടിച്ച് മുകളിലേക്കുയർത്തിയാണ് ആ വാതിൽ തുറക്കുന്നത്.. പരിശോധന സംഘം അവിടെയെത്തി പലതും പരിശോധിച്ച് റിക്കാർഡ് ആക്കി.. അതിനിടയ്ക്ക് കൂട്ടത്തിൽ ഒരാൾ ആ വാതിൽ മുകളിലേക്ക് പിടിച്ച് ഉയർത്താൻ ശ്രമിച്ചു.. അയാളും കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും ചേർന്ന് വളരെ പ്രയാസപ്പെട്ടാണ് ആ വാതിൽ തുറന്നത്.. അഞ്ചടി വീതിയും അഞ്ചടി നീളവും ഉള്ള ആ കവർ മൂന്നിഞ്ച് കനത്തിലുള്ള ഇരുമ്പ് ഷീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.. തന്തയുടെ കൈപ്പത്തി വാതിലിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന സൂസൈ മാണിക്യം, മറ്റുള്ളവരെല്ലാം ഊണ് കഴിക്കാനായി പോയിരുന്നതിനാൽ, ഒറ്റയ്ക്കാണ് ആ വാതിൽ ഉയർത്തി തന്തയുടെ കൈ വെളിയിലെടുത്തത് എന്നുമായിരുന്നു അവർ ആ ഏജൻസിക്ക് മൊഴി നൽകിയിരുന്നത്.. ഒരാൾക്ക് ഒന്ന് ചലിപ്പിക്കാൻ പോലും കഴിയാത്ത ആ വാതിൽ മാണിക്യം തനിച്ച് ഉയർത്തി എന്നത് അവിടെ കൂടിയിരുന്ന മറ്റ് ആളുകൾക്കും അത്ഭുതമായാണ് തോന്നിയത്..

പലരും ഒരാളായും രണ്ടാളായും മൂന്നാളായും ആ വാതിൽ ഉയർത്താൻ ശ്രമിച്ചു.. ഒരാൾക്ക് മാത്രമായി അത് ഉയർത്താൻ കഴിയില്ല എന്നത് യാഥാർത്ഥ്യമായിരുന്നു..അന്വേഷിക്കാൻ വന്നവർ റിപ്പോർട്ട് തയ്യാറാക്കി പോയി.. അവർ പോയതിനുശേഷം പലരും ശ്രമിച്ചു.. അവർക്കും ബോധ്യപ്പെട്ടു ഒരാൾക്ക് മാത്രം അത് ചെയ്യാൻ കഴിയില്ല.. സംഗതി അങ്ങനെയൊക്കെയാണെങ്കിലും മാണിക്യം ഒറ്റയ്ക്ക് ഉയർത്തിയാണ് തന്തയുടെ കൈ പുറത്തെടുത്തത്..യുക്തിക്കോ ശാസ്ത്രത്തിനോ അംഗീകരിക്കാൻ കഴിയാത്ത ഇത്തരത്തിലുള്ള പ്രക്രിയകൾ പലപ്പോഴും സംഭവിക്കാറുണ്ട്.. കാണുന്നവർക്ക് തന്നെ വിശ്വസിക്കാൻ കഴിയാത്ത ഇത്തരം സന്ദർഭങ്ങളെ കേൾക്കുന്നവർ എങ്ങനെയാണ് വിശ്വസിക്കുക?.. ചില സത്യങ്ങൾ അങ്ങനെയാണ്..അത് എല്ലായിടത്തും പറഞ്ഞ് പരിഹാസ്യരാകാതിരിക്കുക.. NB : തന്തയ്ക്ക് 60,000 ഡോളർ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭിച്ചു..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com