ENTERTAINMENT

സിദ്ധീഖ് എഴുതുന്നു. എൻ്റെ ഭ്രാന്തൻ ചിന്തകൾ…

കഴിഞ്ഞ ദിവസം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു സഹപാഠി അയച്ച ഒരു വീഡിയോ കണ്ടു…തെരുവോരത്ത് ഭിക്ഷയെടുക്കുന്ന ഒരു വൃദ്ധയുടെ ഇംഗ്ലീഷ് ഭാഷ കേട്ടിട്ടാകണം ഒരു വ്ലോഗർ അവരുമായി സംസാരിക്കുന്നത് വീഡിയോയായി പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതായിരുന്നുവത്.. 81 വയസ്സുള്ള ബർമ്മക്കാരിയായ തന്നെ ഇന്ത്യയിലേക്ക് വിവാഹം കഴിച്ചു കൊണ്ട് വന്നതാണെന്നും ഭർത്താവും മറ്റ് ഉറ്റവരും ഉടയവരും മരിച്ചുപോയെന്നും അവർ ഒരു അധ്യാപികയായിരുന്നെന്നും, വ്ലോഗറുടെ ചോദ്യങ്ങൾക്കെല്ലാം അവർ സരസമായ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു…

ഇനി നിങ്ങൾ ഭിക്ഷ എടുക്കണ്ട എന്നും നമുക്ക് വീഡിയോ ചെയ്യാമെന്നും അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് നിങ്ങളുടെ വിഹിതം തരാമെന്നും ആ വ്ലോഗർ പറയുന്നുണ്ട്.. വീഡിയോ വൈറലായി, അവരുടെ വിദ്യാർത്ഥികളിൽ ചിലർ അവരെ തിരിച്ചറിഞ്ഞ്, അവർക്ക് ഷെൽട്ടർ ഒരുക്കി… “നിങ്ങൾ ഇനി ഭിക്ഷയെടുക്കേണ്ട” എന്ന് ആ വ്ലോഗർ പറഞ്ഞ് ബാക്കി പറയുന്നതിന് മുമ്പേ ആ സ്ത്രീ വളരെ നിസ്സാരമായിട്ട് ചോദിക്കുന്നുണ്ട് “പിന്നെ ഞാനെങ്ങനെ ഭക്ഷണം കഴിക്കും” എന്ന്.. കിടക്കാൻ ഒരിടം വേണമെന്നോ അസുഖം വന്നാൽ ചികിത്സിക്കണമെന്നോ നാളെ എന്താകുമെന്നോ, ബാഹ്യമായ ഒന്നും ആവശ്യമില്ലെന്ന് പറയുന്നത് പോലെയായിരുന്നു തനിക്ക് ഒരു നേരത്തെ ഭക്ഷണം മാത്രം മതി എന്ന് അവർ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നിയത്…

ഞാൻ സിംഗപ്പൂരിൽ ജോലി ചെയ്തിരുന്നപ്പോൾ അവിടെ ഞങ്ങളുടെ കമ്പനിയിൽ മുപ്പതോളം മ്യാൻമാറുകാർ ( ബർമ്മക്കാർ) ജോലി ചെയ്തിരുന്നു. അവരിൽ ഒരാൾ പോലും ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അവരുടെയൊക്കെ മുത്തശ്ശി ആകാൻ പ്രായമുള്ള ഭിക്ഷാടനം നടത്തുന്ന ഈ സ്ത്രീയുടെ ഭാഷ ( ഇംഗ്ലീഷ്) കേട്ടപ്പോൾ, അവരുടെ ആ ശരീരഭാഷ കണ്ടപ്പോൾ എല്ലാ അർത്ഥത്തിലും വിദ്യാസമ്പന്നയായ ഒരു സ്ത്രീയാണ് അവരെന്ന് എനിക്ക് തോന്നി…. വരരുചിയുടെ 12 മക്കളിൽ ഒരുവൻ, ഭ്രാന്തൻ, നാറാണത്ത് ഭ്രാന്തൻ. അദ്ദേഹം അലഞ്ഞുതിരിഞ്ഞ് അവസാനം എത്തുന്നിടത്ത് അടുപ്പ് കൂട്ടി ഭക്ഷണം കഴിച്ച് അവിടെത്തന്നെ കിടക്കുന്നതായിരുന്നു ശീലം.. ഒരിക്കൽ അദ്ദേഹം എത്തിപ്പെട്ടത് ഒരു ചുടലയിലായിരുന്നു. അർദ്ധരാത്രിയിൽ ചുടലയിലെത്തിയ യക്ഷികൾ പല മായാജാലങ്ങൾ കാട്ടിയും അദ്ദേഹത്തെ അവിടുന്ന് തുരുത്താൻ ശ്രമിച്ചു. അദ്ദേഹം അതൊക്കെ നിസ്സാരമായിട്ടെടുത്തു. ഗവന്തരമില്ലാതെ യക്ഷികൾ അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. യക്ഷികളെ ആരെങ്കിലും കണ്ടാൽ അവർക്ക് ഒരു വരം കൊടുക്കൽ നിർബന്ധമായിരുന്നു. യക്ഷികൾ അദ്ദേഹത്തോട് എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു.

ഒന്നും വേണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. യക്ഷികൾ വീണ്ടും വീണ്ടും ചോദിച്ചപ്പോഴും അദ്ദേഹം വേണ്ട എന്ന് തന്നെ പറഞ്ഞു. താങ്കൾ എന്തെങ്കിലും വരം ഞങ്ങളിൽ നിന്ന് സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾക്ക് തിരിച്ചു പോകാൻ പറ്റില്ല എന്ന് പറഞ്ഞ് അദ്ദേഹത്തോട് അപേക്ഷിച്ചു. “എന്നാ ശരി, എന്റെ വലത്തു കാലിലെ മന്ത് ഇടത്ത് കാലിലേക്ക് ആക്കിക്കൊള്ളൂ” ഇതു പറഞ്ഞപ്പോൾ നാറാണത്ത് ഭ്രാന്തനുണ്ടായിരുന്ന അതേ മാനസികാവസ്ഥ ആ സ്ത്രീ എനിക്കൊരു നേരത്തെ ഭക്ഷണം മാത്രം മതി എന്ന് പറഞ്ഞപ്പോൾ അവരിൽ സംജാതമായതായി എനിക്ക് തോന്നി…അവർക്കും മറ്റൊന്നിനും ആവശ്യമുണ്ടായിരുന്നില്ലായെന്ന്… എല്ലാ നേട്ടങ്ങളും നഷ്ടങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി അവർ ആസ്വദിച്ച പോലെ തോന്നി…. മരണത്തെ പോലും ആ വൃദ്ധ സന്തോഷത്തോടെ വരവേൽക്കുന്നതായി തോന്നി അവരുടെ ആ ശരീരഭാഷ കണ്ടപ്പോൾ…. ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ, അതുവരെ സംഭവിച്ച നഷ്ടങ്ങളെല്ലാം, അതെത്ര വലിയതാണെങ്കിലും അതായിരിക്കും ഓരോരുത്തരുടെയും ഓർമ്മകളിൽ ഗൃഹാതുരത്വം പകരുന്നത്. അതും അവരുടെ ശരീരഭാഷയിൽ പ്രകടമാകുന്നതായി എനിക്ക് തോന്നി….Sidhique Patta…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com