
കോഴിക്കോട് : വിപണിയിൽ കോഴിയിറച്ചിവില കുറഞ്ഞതോടെ നഷ്ടത്തിലായി കേരളത്തിലെ കർഷകർ. ഫാമുകളിൽ കോഴികളെ ഉത്പാദിപ്പിക്കുന്ന കർഷകർക്കാണ് മുടക്കുമുതൽപോലും ലഭിക്കാതെ നഷ്ടം നേരിടുന്നത്. വിപണിയിൽ കോഴിയിറച്ചി കിലോയ്ക്ക് 150-170 രൂപയാണ് വില. എന്നാൽ, ഫാമിലെ കർഷകർക്ക് ലഭിക്കുന്നത് 80 രൂപമാത്രം. രണ്ടാഴ്ചമുമ്പ് ഇത് 64 രൂപവരെ എത്തിയിരുന്നു.
ഒരുകോഴിക്കുഞ്ഞിനെ 45 ദിവസംവരെ വളർത്താൻ നൂറുരൂപയിലധികം ചെലവുവരും. എന്നാൽ, ഈ തുക ലഭിക്കാതെ വന്നതോടെ കർഷകർ ആശങ്കയിലാണ്.
മുമ്പ് 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് 25-35 രൂപ നൽകിയാണ് കമ്പനികളിൽനിന്ന് വാങ്ങുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വലിയതോതിൽ കോഴിക്കുഞ്ഞുങ്ങളെ ഉത്‌പാദിപ്പിക്കുന്നത്. ലോക് ഡൗണിനുമുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റയുടെ വില. എന്നാലിപ്പോഴത് 2500 രൂപയായി.
കഴിഞ്ഞ മാർച്ചുമാസത്തിൽ കോഴിയിറച്ചിയുടെ വില 200 രൂപ കടന്നിരുന്നു. അന്ന് 110 രൂപ കർഷകർക്ക് ലഭിച്ചിരുന്നു. എന്നാൽ, വിപണിയിൽ വിലകുറഞ്ഞതോടെ കേരളത്തിലെ പതിനായിരത്തിലധികം കർഷകരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇതോടെ ഓണത്തിനായുള്ള ഉത്പാദനവും പലരും നിർത്തിവെച്ചിരിക്കുകയാണ്.
മലബാർമേഖലയിൽ ഒരുദിവസം ഫാമുകളിൽനിന്ന് അഞ്ചുലക്ഷം കോഴികളാണ് വിൽപ്പനയ്ക്കായെത്തുന്നത്. ഏകദേശം എട്ടുലക്ഷം കോഴികളെ വിപണിയിൽ ആവശ്യമായുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള കോഴിവരവ് കൂടിയതും ഫാംവില കുറയാൻ ഇടയാക്കിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു.
തമിഴ്നാട്ടിലെ വിലയ്ക്കനുസരിച്ചാണ് കേരളത്തിലെ ഫാമുകളിലും കോഴി വിൽക്കുന്നത്. തമിഴ്നാട്ടിലെ കമ്പനികൾ കോഴിത്തീറ്റയടക്കം സ്വന്തമായി ഉത്പാദിപ്പിക്കുകയും കൂലിച്ചെലവ് കുറവുമാണ്. എന്നാൽ, ഇതേനിരക്കിൽ കേരളത്തിലെ ഫാമുകളിൽ കോഴികളെ വിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു


