
കോടഞ്ചേരി : കേരളത്തിലെ സാദാത്തുക്കളുടെ എട്ടാമത് സംഗമം മർകസ് നോളജ് സിറ്റിയിൽ നടത്തി. ഇരുപത്തിയഞ്ച് വിവിധ സയ്യിദ് ഖബീലകളിൽനിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനംചെയ്തു.സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ല്യാർ അധ്യക്ഷനായി.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ മതസൗഹാർദം വളർത്തുന്നതിലും, സാമൂഹിക-സാംസ്കാരിക- വൈജ്ഞാനിക പുരോഗതിക്ക് നേതൃത്വം നൽകുന്നതിലും സയ്യിദ് സമൂഹം നൽകിയ സംഭാവനകൾ തുല്യതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മർകസിന് കീഴിൽ മുന്നൂറ്റിപ്പതിമൂന്ന് സയ്യിദ് കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുന്ന ‘ഇസ്കാൻ’ പദ്ധതിയുടെ ആദ്യഘട്ടമായ ഇരുപതുവീടുകളുടെ സമർപ്പണവും നടന്നു.
സയ്യിദ് കുടുംബങ്ങളിൽനിന്ന് മികച്ച അംഗീകാരങ്ങൾ നേടിയവരെ ആദരിച്ചു. സയ്യിദ് ഫസൽ തങ്ങൾ, സയ്യിദ് താഹ സഖാഫ്, സയ്യിദ് മുഹമ്മദ് തുറാബ്, ഡോ. അബ്ദുൽഹക്കീം അസ്ഹരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, സി. മുഹമ്മദ് ഫൈസി, കെ.കെ. അഹമ്മദ് കുട്ടി മുസ്‌ല്യാർ എന്നിവർ സംസാരിച്ചു.



