കെഎസ്ഇബിയുടെ വെബ്സൈറ്റ് ദുരുപയോഗം ചെയ്തു വ്യാപക തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേർക്ക്

മുക്കം: കെഎസ്ഇബിയുടെ പേരും ഔദ്യോഗിക വെബ്സൈറ്റും ദുരുപയോഗം ചെയ്ത് വ്യാപക തട്ടിപ്പ്. കഴിഞ്ഞ തവണത്തെ ബില്ല് പെന്റിംഗ് ആണെന്നും, എത്രയും വേഗം പണമടച്ചില്ലെങ്കിലോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിൽ എസ്എംഎസ്, വാട്ട്സ്അപ്പ് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടക്കുന്നത്.
നേരത്തെ ഇംഗ്ലീഷില്‍ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ മലയാളത്തിലും അയച്ചാണ് തട്ടിപ്പ് വ്യാപകമാക്കിയിട്ടുള്ളത്. സന്ദേശത്തില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന് എന്ന വ്യാജേന സംസാരിക്കും.
പിന്നീട് ടീം വ്യൂവര്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. സന്ദേശത്തിലുള്ള ലിങ്ക് തുറന്നാല്‍ ചെന്നെത്തുക കെഎസ്ഇബിയുടെ വെബ് പേജിലാണ്. പണമടയ്ക്കാനില്ലെങ്കിലും കഴിഞ്ഞ മാസത്തെ ബില്ലുമായി പത്തു രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതടയ്ക്കണമെന്നുമാണ് അടുത്ത നിര്‍ദേശം. ഇത് അടയ്ക്കുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒടിപി വിവരങ്ങള്‍ എന്നിവ നേരത്തെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകായും തുടര്‍ന്ന് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യും. മുക്കത്തും സമാനമായ തട്ടിപ്പിലൂടെ പണം നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയുടെ മൊബൈൽ ഫോണിലേക്കു സന്ദേശമെത്തിയത്.
സന്ദേശത്തിൽ പറഞ്ഞതുപ്രകാരം വൈകീട്ടോടെ തിരിച്ചു വിളിച്ചപ്പോൾ കെഎസ്ഇബിയിൽ നിന്നാണെന്നും കഴിഞ്ഞ മാസത്തെ ബില്ല് പെന്റിംഗ് ആണെന്നും പറഞ്ഞ് ഒരു ആപ്ലിക്കേഷന്‍ ഡൗൺ ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പത്ത് രൂപ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും, പിന്നീട് ഫോണിലേക്കു വന്ന ഒടിപി തിരിച്ചയക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടരെ ഒടിപി വന്നുകൊണ്ടിരുന്നപ്പോഴാണ് ഷിജി തൊട്ടടുത്ത വീട്ടിലെത്തി ഭർത്താവിന്റെ അനിയന്റെ ഭാര്യക്ക് ഫോൺ നൽകുകയായിരുന്നു.
സംശയം തോന്നി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 3500 രൂപയോളം നഷ്ടപ്പെട്ടതായി മനസിലായത്. തുടർന്ന് മുക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




