
താമരശ്ശേരി :നിയമനാംഗീകാരമോ ശമ്പളമോ കിട്ടാതെ വർഷങ്ങളായി ജോലിചെയ്യേണ്ടിവരുകയും ബുധനാഴ്ച ജീവനൊടുക്കുകയും ചെയ്ത കോടഞ്ചേരി സെയ്ന്റ് ജോസഫ്സ് എൽ.പി. സ്കൂൾ അധ്യാപിക അലീന ബെന്നിക്ക് നാട് നൽകിയത് കണ്ണീരിൽക്കുതിർന്ന അന്ത്യാഞ്ജലി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം അലീനാ ബെന്നിയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ കട്ടിപ്പാറയിലെത്തിച്ചേരുന്നതിന് എത്രയോ മുൻപുതന്നെ വളവനാനിക്കൽ വീട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി.
ഓടുമേഞ്ഞ വീടിന്റെ മുറ്റത്ത് ശവമഞ്ചത്തിൽ ദേഹത്ത് വെളുത്തപൂക്കൾ വിരിച്ച് മകളുടെ ചേതനയറ്റ ദേഹം കിടത്തിയപ്പോൾ പിതാവ് ബെന്നി പൊട്ടിക്കരഞ്ഞു. സഹോദരിമാരായ ഐശ്വര്യയും ദർശനയും തൊട്ടടുത്ത് വാവിട്ടുകരഞ്ഞു. കരളലിയിക്കുന്ന ഈ ദൃശ്യത്തിന് സാക്ഷ്യംവഹിച്ച അവിടെ കൂടിനിന്നവർ കണ്ണീരണിഞ്ഞു.
അധ്യാപകസമൂഹവും വിദ്യാർഥികളും നാട്ടുകാരും ജനപ്രതിനിധികളുമായി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിനാളുകളാണ് വീട്ടിലേക്കും സംസ്കാരശുശ്രൂഷകൾ നടന്ന കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിലും എത്തിച്ചേർന്നത്. വീട്ടിലെ പൊതുദർശനത്തിനുശേഷം സംസ്കാരശുശ്രൂഷകൾ നടന്ന പള്ളിയിലേക്ക് വിലാപയാത്രയായാണ് വൈകീട്ട് നാലരയോടെ മൃതദേഹമെത്തിച്ചത്. ഫാ. ജോസ് വടക്കേടത്തിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. ഫാ. ജോൺ കളരിപ്പറമ്പിൽ, ഫാ. ജോസഫ് അരഞ്ഞാണോലിക്കൽ എന്നിവർ സഹകാർമികരായി. പൊതുദർശനത്തിലും സംസ്കാരശുശ്രൂഷയിലുമെല്ലാം വൻജനാവലിയാണ് അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നത്.



