KERALA NEWSLOCAL NEWS

വിനോദയാത്രക്കാർക്ക് നേരേ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; മലയാളി യുവാവ് മരിച്ചു

കോഴിക്കോട് : തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു. കോഴിക്കോട് തിരുവള്ളൂര്‍ വള്ള്യാട് പുതിയോട്ടില്‍ മുഹമ്മദ് സാബിര്‍(25) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന വള്ള്യാട് തെരോടന്‍കണ്ടി ആസിഫി(27)നെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കുമൊപ്പം മറ്റൊരു യുവാവ് കൂടി വിനോദയാത്ര സംഘത്തിലുണ്ടായിരുന്നെങ്കിലും ഇദ്ദേഹം തേനീച്ചയുടെ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ ‘നീഡില്‍ പോയിന്റി’ന് സമീപത്തെ പാറക്കെട്ടില്‍ നില്‍ക്കവെയാണ് വിനോദയാത്ര സംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടില്‍ നിന്ന് തേനീച്ച ഇളകി രണ്ടുയുവാക്കളെയും ആക്രമിക്കുകയായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സിനാന്‍ എന്ന യുവാവ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടര്‍ന്നാണ് രണ്ടു യുവാക്കളെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

വിദേശത്ത് നിന്ന് എത്തിയത് പെരുന്നാൾ ആഘോഷത്തിന്, കടന്നൽ കുത്തേറ്റ് മരിച്ച സാബിറിന്റെ ഖബറടക്കം ഇന്ന്

വടകര: വിനോദയാത്രക്കിടെ ഗൂഡല്ലൂരിൽ വച്ച് തേനീച്ച കുത്തേറ്റ് മരിച്ച കോഴിക്കോട് വടകര സ്വദേശി പുതിയോട്ടിൽ സാബിറിന്റെ സംസ്കാരം ഇന്ന് നടക്കും. ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വള്ള്യാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് ഖബറടക്കം. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ആസിഫ്, സിനാൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ആണ് മൂന്ന് പേരും ഊട്ടിയിലേക്ക് യാത്ര തിരിച്ചത്.

ഒരു ദിവസം ഊട്ടിയിൽ തങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് ഗൂഡല്ലൂരിലെത്തിയത്. സൂചി മലയിൽ നിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആണ് ആദ്യം കുത്തേറ്റത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേർക്കും കുത്തേൽക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലായി ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവരായിരുന്നു വിനോദയാത്രപോയ മൂന്ന് പേരും. കടന്നൽ ആക്രമണത്തിൽ മരിച്ച സാബിർ ആഴ്ചകൾക്ക് മുൻപാണ് വിദേശത്ത് നിന്നും നാട്ടിൽ എത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഊട്ടിയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു കടന്നൽ ആക്രമണം.

സാബിറിനെ തേനീച്ച കൂട്ടം പൊതിഞ്ഞപ്പോൾ രക്ഷിക്കാൻ ആസിഫും സിനാനും ഓടി എത്തിയിരുന്നു. പക്ഷെ രക്ഷിക്കാൻ ആയില്ല. ആർക്കും അടുക്കാൻ പറ്റാത്ത വിധത്തിൽ ആയിരുന്നു തേനീച്ച ആക്രമണം. അധികം വൈകാതെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ടാണ് ആസിഫിന്റെ ജീവൻ രക്ഷിക്കാൻ ആയതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com