
തിരുവമ്പാടി : അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലം വീർപ്പുമുട്ടുന്ന തിരുവമ്പാടി ബസ് സ്റ്റാൻഡിന്റെ മുഖച്ഛായ മാറുന്നു. നഗരത്തിൽ പ്രാഥമികസൗകര്യങ്ങൾ വിപുലമാക്കാൻ ഗ്രാമപ്പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി അന്തിമഘട്ടത്തിൽ. ബസ് സ്റ്റാൻഡ് നവീകരണപദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് വിപുലമായ ഇരിപ്പിടസൗകര്യമൊരുക്കിക്കഴിഞ്ഞു. നടപ്പാത ടൈൽസ് വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ശോച്യാവസ്ഥയിലായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രവും പൊതുശൗചാലയും പൊളിച്ചുമാറ്റി.
ഇവിടെ കടമുറിക്ക് ഉടൻ സൗകര്യമൊരുക്കും.തൊട്ടുപിറകിലായി കുടുംബശ്രീയുടെ ആഴ്ചച്ചന്തയ്ക്ക് സംവിധാനമൊരുക്കും. ബസ് സ്റ്റാൻഡിനോടുചേർന്ന് നേരത്തേ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി വിശ്രമമന്ദിരം (ടേക്ക് എ ബ്രേക്ക്) പണിതു. ഗ്രാമപ്പഞ്ചായത്ത് 80 ലക്ഷംരൂപ വിനിയോഗിച്ചാണ് ഇരുനിലക്കെട്ടിടം നിർമിച്ചിരിക്കുന്നത്. ബസ് യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ശൗചാലയം, കോഫീ ഹൗസ്, സ്ത്രീകൾക്ക് മുലയൂട്ടൽ കേന്ദ്രം എന്നീസൗകര്യങ്ങളടങ്ങിയതാണ് വിശ്രമമന്ദിരം. തൊട്ടരികിലുള്ള ഗ്രാമപ്പഞ്ചായത്ത് സാസ്കാരികനിലയത്തിലെ ആദ്യനിലയിലാണ് രണ്ടുവർഷമായി കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. വായന മുറിയുൾപ്പെടെ ലൈബ്രറി മുകൾ നിലയിലേക്ക് മാറ്റിയിരിക്കുകയാണ്. സാസ്കാരിക നിലയത്തിലെ ആദ്യനിലയിൽ ഭിന്നശേഷിക്കാർക്ക് കായികവിനോദത്തിനും വിശ്രമത്തിനും സൗകര്യമൊരുക്കുന്ന പദ്ധതികൾ ഉടൻ തുടങ്ങും. കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസ് ഒരു കിലോമീറ്റർ അകലെ നിർമാണമാരംഭിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിലേക്ക് മാറ്റും.



