World Drowning Prevention Day:ഒന്നിക്കാം, മുങ്ങിമരണങ്ങളുടെ ഗതി മാറ്റാം!
അബ്ദുൾ സലിം ഇ. കെ.

ഓരോ വർഷവും നമ്മുടെ നാട്ടിൽ നിന്നുകേൾക്കുന്ന മുങ്ങിമരണ വാർത്തകൾ ഏതൊരാളുടെയും മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണ്. “അല്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ജീവൻ രക്ഷിക്കാമായിരുന്നു” എന്നൊരനുതാപം ആ നിമിഷങ്ങളിൽ നമ്മിൽ ഉയർന്നുവരാറുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്താകമാനം പ്രതിവർഷം കുറഞ്ഞത് മൂന്നു ലക്ഷം ആളുകളെങ്കിലും മുങ്ങിമരിക്കുന്നുണ്ട്. അതായത്, ഓരോ മണിക്കൂറിലും ഏതാണ്ട് മുപ്പതോളം ജീവനുകളാണ് ജലാശയങ്ങളിൽ പൊലിയുന്നത്! കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒഴിവാക്കാമായിരുന്ന ഇരുപത്തഞ്ച് ലക്ഷത്തോളം മരണങ്ങളുടെ കണക്ക് പരിശോധിച്ചാൽ അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മുങ്ങിമരണങ്ങളാണ് എന്നത് ഞെട്ടിപ്പിക്കുന്നൊരു സത്യമാണ്.
ഇതിൽ ഏറ്റവും സങ്കടകരമായ വശം, ഇരയാകുന്നവരിൽ ഏറെയും 5-നും 14-നും ഇടയിൽ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളാണ് എന്നതാണ്. ലോകത്ത് സംഭവിക്കുന്ന ശിശുമരണങ്ങളുടെ പ്രധാന 10 കാരണങ്ങളിലൊന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ്. മുതിർന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത അശ്രദ്ധ, അപകടസാധ്യതകൾ മുൻകൂട്ടി വിലയിരുത്തുന്നതിലെ അപാകത, അപകടകരമായ ജലാശയങ്ങളുടെ പരിസരത്ത് കുട്ടികൾക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന സാഹചര്യം എന്നിവയൊക്കെയാണ് കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നത്.
ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്ന മനുഷ്യസഹജമായ തെറ്റുകളാണ് ഇതിന് പ്രധാന കാരണം. അപകടസാധ്യതകളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ അഭാവം, മദ്യപിച്ച് വെള്ളത്തിലിറങ്ങൽ, അനാവശ്യമായ അതിസാഹസിക പ്രകടനങ്ങൾ, സോഷ്യൽ മീഡിയ ഫോട്ടോഷൂട്ടുകൾക്കായി നടത്തുന്ന അഭ്യാസങ്ങൾ, തനിയെ നീന്താനിറങ്ങൽ, നീന്തൽ അറിയാത്തവർ ജലാശയങ്ങളിൽ ഇറങ്ങുന്നത്, അതുപോലെ നീന്തൽ അറിയുന്നവർ തന്നെ ആവശ്യത്തിന് ‘വാമിംഗ് അപ്പ്’ നടത്താതെയും ക്ഷീണം ശ്രദ്ധിക്കാതെയും ദീർഘനേരം നീന്തുന്നതുമെല്ലാം ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നു. ജലയാനങ്ങൾ അപകടത്തിൽ പെടുന്നതും പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കവും ഇതിനുപുറമേയാണ്.
പൂർണ്ണ ബോധത്തോടെയുള്ള മരണത്തിലേക്കുള്ള യാത്രയാണ് മുങ്ങിമരണം. എന്നാൽ, കുറച്ചൊന്നു ശ്രദ്ധിച്ചാൽ തികച്ചും ഒഴിവാക്കാൻ കഴിയുന്ന മരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇതെന്ന് നാം തിരിച്ചറിയണം.
ഇതിനായി നമുക്ക് ഒന്നിച്ച് ചില മുൻകരുതലുകൾ എടുക്കാം:
സുരക്ഷാവേലികൾ സ്ഥാപിക്കുക: അബദ്ധവശാൽ ജലാശയങ്ങളിലേക്ക് ആരും വീഴാതിരിക്കാൻ ആവശ്യമായ ബാരിക്കേഡുകളും സുരക്ഷാവേലികളും നിർമ്മിക്കുക.
കുട്ടികളുടെ സുരക്ഷ: കൊച്ചുകുട്ടികൾ കളിക്കുന്ന സ്ഥലങ്ങൾ ജലാശയങ്ങളിൽ നിന്ന് സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പുവരുത്തുക.
പരിശീലനം സ്കൂളുകളിൽ നിന്ന്. സ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് നീന്തലിലും ജലരക്ഷയിലും (Water Rescue) ശാസ്ത്രീയ പരിശീലനം നൽകുക.
പ്രഥമശുശ്രൂഷാ ബോധവൽക്കരണം. ജലരക്ഷയെക്കുറിച്ചും ഹൃദയ-ശ്വാസകോശ പുനരുജ്ജീവനത്തെക്കുറിച്ചും (CPR) പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകുക.
കടുത്ത നിയമപാലനം. ജലഗതാഗതം സുരക്ഷിതമാക്കാൻ നിയമങ്ങൾ കർശനമായി പാലിക്കുകയും, പ്രകൃതിദുരന്തങ്ങളെ നേരിടാൻ ജനങ്ങളെ സജ്ജരാക്കുകയും ചെയ്യുക.
തീരവാസികൾക്ക് പ്രത്യേക പരിശീലനം. ജലസ്രോതസ്സുകൾക്ക് സമീപം താമസിക്കുന്നവർക്ക് പ്രത്യേക രക്ഷാപ്രവർത്തന പരിശീലനങ്ങൾ നൽകുക.
ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ദേശീയ ജലസുരക്ഷാ പദ്ധതികളുടെയും നിർദ്ദേശങ്ങൾ കൃത്യമായി സമൂഹത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനമായി ആചരിക്കുമ്പോൾ, ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന സന്ദേശം “Unite to Turn the Tide” എന്നതാണ്.
മുങ്ങിമരണങ്ങൾ കുറയ്ക്കാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും സമൂഹത്തിലെ ഓരോരുത്തരും കൈകോർക്കണം എന്ന ഓർമ്മപ്പെടുത്തലാണ് ഇത്. വരൂ, നമുക്ക് കൈകോർക്കാം; ബോധവൽക്കരണത്തിലൂടെയും ജാഗ്രതയിലൂടെയും അനേകം ജീവനുകൾ മുങ്ങിത്താഴാതെ കാത്തുസൂക്ഷിക്കാം. “ഒന്നിക്കാം… മുങ്ങിമരണങ്ങളുടെ ഗതി മാറ്റാം. അല്പം ശ്രദ്ധ, ഒരു ജീവന്റെ രക്ഷ!

അബ്ദുൽസലീം ഇ.കെസ്റ്റേഷൻ ഓഫീസർ മുക്കം അഗ്നി ശമനനിലയം



