പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി തോട്ടുമുക്കം – വാലില്ലാപുഴ റോഡ്

മുക്കം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയതോട്ടുമുക്കം വാലില്ലാപുഴ റോഡിൽ മഴക്കാലമായതോടെ യാത്ര ഏറെ ദുഷ്കരമായി. ബസ്സുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ തോട്ടുമുക്കം മുതൽ പുതിയനിടം വരെ ഒരു കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായ 50 ഓളം കുഴികളാണുള്ളത്. കുഴികൾ വെള്ളക്കെട്ടുകളായതോടെ കാൽനട യാത്രക്കാർക്കടക്കം അപകടം സംഭവിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് ഏറെ ദുർഘടാവസ്ഥയിലായിട്ടും തിരിഞ്ഞു നോക്കാത്തതിൽ നാട്ടുകാർ വമ്പിച്ച പ്രതിഷേധത്തിലാണ്. അരീക്കോടു ഭാഗത്തു നിന്ന് കക്കാടംപൊയിലിലേക്കുള്ള വിനോദ സഞ്ചാരികൾ കടന്നു പോകുന്നത് ഇതുവഴിയാണ്.
പൊതുമരാമത്ത് വകുപ്പിന് കൈമാറിയൊ മറ്റോ കാലവർഷം ശക്തി പ്രാപിക്കും മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



