തിരുവമ്പാടി : അനധികൃത തരംമാറ്റം നടത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കുമെന്ന് വീണ്ടും സബ്കളക്ടറുടെ ഉറപ്പ്. ഹൈസ്കൂൾറോഡിലെ 78 റിസർവേയിൽപ്പെട്ട ആറേക്കർ 44 സെന്റ് ഭൂമി പൂർവസ്ഥിതിയിലാക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതായി സബ്കളക്ടർ പരാതിക്കാരനെ അറിയിച്ചു.ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.കെ. ദിവാകരനാണ് പരാതിക്കാരൻ. കെ.എസ്.ആർ.ടി.സി. ഗാരേജ്, ബിവറേജസ് മദ്യ വിൽപ്പനശാല എന്നിവ പ്രവർത്തിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഉൾപ്പെടുന്ന ഭൂമിയാണിത്. ഇവിടെ വൻതോതിൽ മണ്ണിട്ട് നികത്തിയതിനാൽ പൂർവസ്ഥിതിയിലാക്കാൻ ഈ സ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.
ഇതിനായി ഒരാഴ്ച സമയമെടുക്കുമെന്നും മണ്ണ്മാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിക്കേണ്ടതിനാൽ വലിയ തുക ചെലവ് വരുന്നതിനാലാണ് കളക്ടറോട് ഫണ്ടിന് അഭ്യർഥിച്ചതെന്നും സബ് കളക്ടർ പരാതിക്കാരനെ രേഖാമൂലം അറിയിച്ചു. ഭൂമി പൂർവസ്ഥിയിലാക്കാൻ സബ് കളക്ടർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.ഉത്തരവ് നടപ്പാക്കാത്ത താമരശ്ശേരി തഹസിൽദാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്മേലാണ് സബ് കളക്ടറുടെ നടപടി. മഴക്കാലത്ത് തിരുവമ്പാടി അങ്ങാടിയിൽ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാകുന്നത് തണ്ണീർത്തടങ്ങൾ വ്യാപകമായി മണ്ണിട്ടുനികത്തിയതോടെയാണ്. ഇതേത്തുടർന്നാണ് പരിസ്ഥിതി പ്രവർത്തകർ പരാതികളുമായി രംഗത്തെത്തിയത്.



