News

പോളിങ് സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസത്തില്‍ പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. വോട്ടിങ്ങിന് അര്‍ഹതയുള്ള സമ്മതിദായകര്‍, പോളിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തിരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കമീഷന്‍ നിയോഗിച്ച നിരീക്ഷകര്‍, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധതയോ അവശതയോ ഉള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസര്‍ പ്രവേശിപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ പോളിങ് സ്റ്റേഷനില്‍ പ്രവേശനമുള്ളൂ. പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കാണ് ഇതിനുള്ള പൂര്‍ണ അധികാരവും ഉത്തരവാദിത്തവും. 

പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ 8ന് മുമ്പ് തിരികെ എത്തിക്കണം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ട് ചെയ്ത ശേഷം വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13ന് രാവിലെ എട്ട് മണിക്ക് മുമ്പായി വരണാധികാരിക്ക് തിരികെ ലഭ്യമാക്കണം. നേരിട്ടോ തപാല്‍ വഴിയോ എത്തിക്കാം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കുള്ള തപാല്‍ വോട്ടുകള്‍ അതത് വരണാധികാരിക്കാണ് എത്തിക്കേണ്ടത്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ഓരോ ത്രിതല പഞ്ചായത്തിലെയും വരണാധികാരികള്‍ക്ക് വെവ്വേറെ ലഭ്യമാക്കണം. ഇതുപ്രകാരം ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ പഞ്ചായത്ത് വരണാധികാരിയുടെ ഓഫീസായ സിവില്‍ സ്റ്റേഷനിലാണ് എത്തിക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിലേത് ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരിക്കും ഗ്രാമ പഞ്ചായത്തിലേത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വരണാധികാരിക്കും ലഭ്യമാക്കണം. ഇതിനായുള്ള സജ്ജീകരണങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com