KERALA NEWS

പൂക്കിപ്പറമ്പ് ബസ് അപകടം: മാംസം കരിഞ്ഞ ഗന്ധവും വേദനയോടെയുള്ള അലർച്ചകളും നിറഞ്ഞ മാർച്ച് 11

_25 വർഷത്തിനുശേഷം ഡ്രൈവർക്ക് ശിക്ഷാവിധി_

ഓർമകളിൽ ഇന്നും തീനാളാമായി അവശേഷിക്കുന്ന പൂക്കിപ്പറമ്പ് ബസ് അപകടം നടക്കുന്നത് 2001 മാർച്ച്‌ 11നാണ്. ഗുരുവായൂരിൽ നിന്ന് തലശ്ശേരിയിലേക്ക്‌ യാത്രക്കാരെ കുത്തി നിറച്ച്‌ സഞ്ചരിച്ച പ്രണവം എന്ന ബസ് കോഴിച്ചെന ഇറക്കത്തിൽ കാറിൽ ഇടിച്ചു നടുറോ‍‍ഡിൽ വിലങ്ങനെ മറിഞ്ഞ് ആളിക്കത്തുകയായിരുന്നു. ആ ഭീകരമായ കാഴ്ച പൂക്കിപ്പറമ്പിലെ ജനങ്ങളുടെ ഹൃദയത്തിൽ മായാതെ ഇന്നുമുണ്ട്. 44 പേരുടെ ജീവൻ അപഹരിച്ച ദുരന്തത്തിൽ 22 പേർക്കു സാരമായി പരുക്കേറ്റു. പാതി മയക്കത്തിലായിരുന്ന മിക്കവാറും യാത്രക്കാർ ബസിനുള്ളിൽ കരിഞ്ഞമർന്നു. രക്ഷാ പ്രവർത്തനങ്ങളെല്ലാം അസാധ്യമാക്കിയ അര മണിക്കൂർ കൊണ്ട് പലരും സീറ്റുകളിൽ ഇരുന്ന അതേ നിലയിൽ കത്തിയമർന്നു.

ബസിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ്‌ പൊട്ടി ഡീസൽ ടാങ്കിൽ ഇടിച്ചു ഡീസൽ ചോരുകയും ഒപ്പം ഷാഫ്റ്റ്‌ റോഡിലുരസി ചിതറിയ തീപ്പൊരിയിൽ ബസ്‌ കത്തുകയും ചെയ്തെന്നായിരുന്നു നിഗമനം. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇന്ധന ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്‌ മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് പലരുടെയും മരണം നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും അവർ കർമ നിരതരായതോടെ കുറച്ചു പേരെയെങ്കിലും രക്ഷപ്പെടുത്താനായി.

ദുരന്തത്തിന്റെ നാളുകൾക്കു ശേഷം കോഴിക്കോട്ട് സർവമത പ്രാർഥനകളോടെ സംസ്‌കരിച്ച രണ്ട് മൃതദേഹങ്ങൾ ആരുടേതായിരുന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ദുരന്തദിവസം കാണാതായ രണ്ടു യുവാക്കൾ എവിടെയെന്നതും ഇനിയും സ്‌ഥിരീകരിക്കാനായിട്ടില്ല. കൊളത്തൂർ ഓണപ്പുടയിലെ ഇമ്പിച്ചിക്കോയ തങ്ങളുടെ മകൻ സൈതലവിക്കോയ തങ്ങൾ, കൊറ്റിച്ചിറ കൊശനിവീട് പറമ്പിൽ അബ്‌ദുല്ലക്കുട്ടിയുടെ മകൻ മുഹമ്മദ് സവാദ് എന്നിവരെയാണ് ദുരന്തദിവസം കാണാതായത്. എന്നാൽ, ഇവർ പൂക്കിപ്പറമ്പ് വഴി യാത്രചെയ്‌തിരുന്നോ എന്നകാര്യം തീർച്ചയില്ല. തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ച ദുരന്തശേഷിപ്പുകളിൽ നിന്ന് ഇവർ ബസിൽ ഉണ്ടായിരുന്നതായി തെളിവൊന്നും കിട്ടിയിരുന്നില്ല. 

പൂക്കിപ്പറമ്പ് ദുരന്തം ബസ്‌ യാത്രികരുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്ക് വഴിയൊരുക്കി. എമർജൻസി ഡോർ, ബസിൽ കയറാനുള്ള പടികളുടെ ഉയരം കുറയ്‌ക്കൽ, പഞ്ചിങ് സ്‌റ്റേഷനുകളും റോഡിൽ ഡിവൈഡറുകളും മുന്നറിയിപ്പ് ബോർഡുകളും സ്‌ഥാപിക്കൽ, വാഹനങ്ങളുടെ വേഗം അളക്കുന്നതിനു സ്‌പീഡ് റഡാർ, ട്രോമാകെയർ യൂണിറ്റ് തുടങ്ങി വാഗ്‌ദാനങ്ങൾ ഏറെയുണ്ടായിരുന്നു. സമീപ സ്‌ഥലത്ത് അഗ്നിശമന സേനാ യൂണിറ്റ് നിർമിക്കുമെന്ന പ്രഖ്യാപനവും വന്നു. ചേളാരി, തിരൂരങ്ങാടി, പരപ്പനങ്ങാടി, വേങ്ങര, കോട്ടയ്‌ക്കൽ മേഖലകളിൽ അപകടങ്ങളോ തീപിടിത്തമോ ഉണ്ടാകുമ്പോൾ തിരൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാ യൂണിറ്റുകളാണ് രക്ഷയ്‌ക്കെത്തുന്നത്. അവിടങ്ങളിൽനിന്ന് അപകട സ്‌ഥലത്തേക്ക് എത്താൻ സമയമേറെ എടുക്കും. മേഖലയിൽ യോജ്യമായ സ്‌ഥലത്ത് അഗ്നിശമന സേനാ യൂണിറ്റ് സ്‌ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. 2011ലെ ബജറ്റില്‍ ഫയർ സ്‌റ്റേഷൻ സ്‌ഥാനം പിടിച്ചെങ്കിലും നടപ്പായില്ല. ‌

പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവറുടെ ശിക്ഷ ഹൈക്കോടതി വർധിപ്പിച്ചിരിക്കുകയാണ്. വിചാരണക്കോടതി 2 വർഷം തടവിന് ശിക്ഷിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി 5 വർഷം തടവിനും 2 ലക്ഷം രൂപ പിഴയടയ്ക്കാനുമാണു ശിക്ഷിച്ചത്. അമിത വേഗത്തിൽ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. 44 പേർ മരിക്കാനിടയായ ബസ് അപകടം നടന്ന് 25 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. വിധി വരുമ്പോൾ, നിലയ്‌ക്കാത്ത നിലവിളിയും പുകച്ചുരുളുകളും മനുഷ്യമാംസത്തിന്റെ കരിഞ്ഞ ഗന്ധവും രക്ഷാപ്രവർത്തനങ്ങളും നിറഞ്ഞ ആ ദിവസം ഓർമകളിൽ തീഗോളമായി മാറുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com