
താമരശ്ശേരി:അമ്പലമുക്ക് കൂരിണ്ടുയിൽ പൊലീസിനെ ആക്രമിച്ച ലഹരി മാഫിയ സംഘത്തിലെ സ്ത്രീയടക്കം നാല് പേർ പിടിയിൽ.കൂടത്തായി കരിങ്ങമണ്ണ വിഷ്ണുദാസ്(21) എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ഷക്കീർ(32) എന്നിവരാണ് നേരത്തെ പിടിയിലായത്. താമരശ്ശേരി കുടുക്കിലുമ്മാരം കെ.കെ.ദിപീഷ്(30), തച്ചംപൊയിൽ റജീന (പുഷ്പ –40) എന്നിവരെയാണ് ദിപീഷിന്റെ വീട്ടിൽ നിന്ന് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ 4 പ്രതികൾ പിടിയിലായി.
കേസിലെ പ്രധാന പ്രതി കുടുക്കിലുമ്മാരം അയ്യൂബിനു വേണ്ടി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണു പൊലീസിനു നേരെ ആക്രമണമുണ്ടായത്.പൊലീസിനെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞ റജീന, ദിപീഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ലഹരിക്ക് അടിമയായ റജീനയെ കഴിഞ്ഞ മേയ് 6ന് 9 കിലോ കഞ്ചാവുമായി കൂട്ടാളിയോടൊപ്പം എകരൂരിൽ നിന്നു ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ ഇവർ ജാമ്യത്തിൽ ഇറങ്ങിയതാണ്. കഞ്ചാവ് കേസിൽ റജീനയുടെ കൂട്ടാളിയും ഈ കേസിലെ പ്രതിയാണ്. സംഘം ലഹരി മരുന്ന് വിൽപനയ്ക്കും റജീനയെ ഉപയോഗപ്പെടുത്തുന്നുണ്ട്. കുടുക്കിലുമ്മാരം കൂരിമുണ്ടയിലുള്ള ഷെഡാണ് ലഹരി മാഫിയ താവളമാക്കിയിരുന്നത്. അയ്യൂബിനെതിരെ 15 കേസുകൾ നിലവിലുണ്ട്. ലഹരിസംഘത്തിന്റെ വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അമ്പലമുക്ക് സ്വദേശി ഇർഷാദ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.



