LOCAL NEWS

മുക്കത്ത് പിടിലായത് ജില്ലയിൽ സമീപ കാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട

മുക്കം :ജില്ലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ മുക്കത്ത് നിന്ന് വൻതോതിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടികൂടി. രണ്ടേമുക്കാൽ കിലോയോളം വരുന്ന മാരക ലഹരിമരുന്നുമായി മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36), കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത്(45) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.

മുക്കം മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വച്ച് 517 ഗ്രാം എംഡിഎംഎയുമായാണ് ഹനീഫ ആദ്യം പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ടി.ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞാണ് പൊലീസ് വലവിരിച്ചത്. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽനിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ വിമാന യാത്രകളും നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ നടത്തിയിരുന്നത്.

മണാശ്ശേരി കയ്യേരിക്കലിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ തിരച്ചിലിലാണ് റെയ്ഹാനത്തിനെ പിടികൂടിയത്. റെയ്ഹാനത്തിന്റെ യാത്രകൾ നിരന്തരം നിരീക്ഷിച്ചുവന്ന പൊലീസ് സംഘത്തിന് ഇവർ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫ വാടകക്ക് എടുത്തിരുന്ന വീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടിയിരുന്നു. ഈ വീട്ടിൽ നിന്ന് 2.286 കിലോഗ്രാം എംഡിഎംഎ പിടികൂടി. ആറുമാസം മുൻപ് ഹനീഫ വാടകയ്ക്കെടുത്ത ഈ വീട്ടിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.വർഷങ്ങളായി ഒഡീഷയിൽനിന്നും കന്നുകാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. നോട്ട് എണ്ണുന്ന മെഷീനും ലഹരി പാക്കിങ്ങിനുള്ള നിരവധി കവറുകളും ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസുകളും വാടക വീട്ടിൽനിന്ന് കണ്ടെടുത്തു. പൂളപ്പൊയിലിൽ ഹനീഫ ഒരു റസ്റ്ററന്റും നടത്തുന്നുമുണ്ട്. ഇയാൾ സമീപകാലത്ത് വൻതോതിൽ വസ്തുവകകൾ സമ്പാദിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. തുച്ഛമായ പ്രതിഫലം വാഗ്ദാനംചെയ്താണ് ഇയാൾ റെയ്ഹാനത്തിനെ കൂടെ കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. നർകോട്ടിക് സെൽ ഡിവൈഎസ്പി ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ, എന്നിവരുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, ശ്രീരാഗ്, മനോജ് രാമത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്.

ജില്ലയിലേക്കുള്ള ലഹരികടത്തിൽ ഇവരുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ കോടികൾ വിലമതിക്കും. ലഹരിമരുന്ന് ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com