
മുക്കം: നിരന്തരമായി തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന മാനേജരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മാനേജരെ മാറ്റുന്നതുവരെ തിരുവമ്പാടി എസ്റ്റേറ്റിലെ സമരം തുടരുമെന്നും സംയുക്ത ട്രേഡ് യൂണിയന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തോട്ടം മേഖലയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന നടപടികളാണ് സീനിയർ മാനേജർ സ്വീകരിക്കുന്നത്. തൊഴിലാളികളുടെ ചികിത്സ ആനുകൂല്യങ്ങൾ വെട്ടി കുറയ്ക്കുകയാണ്. തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിക്കുന്നവർക്കെതിരെയും യൂനിയൻ നേതാക്കൾക്കെതിരെയും നിരന്തരമായി കള്ളക്കേസുകൾ നൽകുകയാണ്.
ഞായറാഴ്ചയിലെ അവധി പോലും നിഷേധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന അമോണിയ പോലെയുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ഗ്യാസ് മാസ്ക്ക് ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾ പോലും നൽകാൻ മാനേജർ തയാറായിട്ടില്ല. ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും നിരന്തരമായി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് കള്ളക്കേസിൽ കുടുക്കി ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന മാനേജരുടെ കീഴിൽ ജോലി ചെയ്യാൻ താൽപര്യമില്ല എന്ന സാഹചര്യത്തിലേക്കാണ് മുഴുവൻ തൊഴിലാളികളും എത്തിച്ചേർന്നിട്ടുള്ളത്.
മാനേജരെ മാറ്റുന്നതുവരെ സമരം തുടരുമെന്നും വരും ദിവസങ്ങളിൽ വ്യത്യസ്ത സമര രീതികളുമായി മുന്നോട്ടു പോകുമെന്നും സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സമരസമിതി കൺവീനർ കെ. റഫീഖ്, ട്രേഡ് യൂനിയൻ നേതാക്കളായ ടി.പി ജബ്ബാർ, കെ. പ്രഹ്ലാദൻ, കെ.പി. രാജേഷ് എന്നിവർ പങ്കെടുത്തു



