KERALA NEWSLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

അമ്പലക്കണ്ടി-രാജീവ് ഗാന്ധി വയലില്‍ ത്രിമൂര്‍ത്തികളുടെ പോരാട്ടം.

ഓമശ്ശേരി:നോര്‍ത്ത് അമേരിക്കന്‍ പുല്‍മൈതാനിയില്‍ ലോകകപ്പ് പൂരാവേശത്തിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മലബാറിന്റെ ഹൃദയഭൂമിയില്‍ കാല്‍പ്പന്തിന്റെ ഉന്മാദ തരംഗം അണപൊട്ടിയൊഴുകുകയാണ്. നാടും നഗരവും കൊടിതോരണങ്ങളാലും പെയിന്റിംഗുകളാലും അലങ്കരിക്കപ്പെടുമ്പോള്‍, കോഴിക്കോടന്‍ ഫുട്‌ബോള്‍ ഭ്രാന്തിന്റെ പുതിയ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ഓമശ്ശേരിയിലെ അമ്പലക്കണ്ടി.മലയോരത്തിന്റെ പച്ചപ്പും പ്രകൃതിഭംഗിയും തുളുമ്പുന്ന രാജീവ് ഗാന്ധി വയല്‍ (കുമ്പളോട്ട് നട) ഇപ്പോള്‍ ഒരു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പ്രതീതിയിലാണ്.ലോക ഫുട്‌ബോളിലെ സുല്‍ത്താന്മാര്‍ പരസ്പരം പോരടിക്കാന്‍ ഇവിടെ വന്നിറങ്ങിയിട്ടുണ്ടോ എന്ന് തോന്നിപ്പിക്കുംവിധമാണ് ഇവിടുത്തെ കാഴ്ചകള ൾ.എല്ലാം തുടങ്ങിയത് ഒരു പകലിലായിരുന്നു.

ഞങ്ങളാദ്യമേ കളം നിറയും’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ ആരാധകര്‍ അമ്പലക്കണ്ടി വയലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചു.ആകാശത്തേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന റൊണാള്‍ഡോയെ കണ്ടു പോര്‍ച്ചുഗല്‍ ക്യാമ്പ് ആഹ്ലാദ തിമിര്‍പ്പിലായെങ്കിലും ബ്രസീല്‍ ആരാധകര്‍ മിണ്ടാതിരുന്നില്ല.തൊട്ടുപിന്നാലെ അതിനേക്കാള്‍ ഉയരത്തില്‍ കാനറികളുടെ മഞ്ഞക്കുപ്പായത്തില്‍ മന്ത്രജാലം തീര്‍ക്കുന്ന നെയ്മര്‍ ജൂനിയറിന്റെ കട്ടൗട്ടുമായി മഞ്ഞപ്പടയും വയലില്‍ നിലയുറപ്പിച്ചു.പൂരപ്പറമ്പിലെ തനിയാവര്‍ത്തനം പോലെ പോരാട്ടം മുറുകിയ നിമിഷമായിരുന്നു അടുത്തത്.

“ക്ലൈമാക്‌സില്‍ വരാനാണ് യഥാര്‍ഥ രാജാവിന് ഇഷ്ടം’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അര്‍ജന്റീനിയന്‍ ആരാധകര്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ടുമായി വയലിലേക്ക് ഇരച്ചുകയറി. കഴിഞ്ഞ ദിവസം മെസ്സി കൂടി ഉയര്‍ന്നതോടെ, വലിപ്പത്തിലും തലപ്പൊക്കത്തിലും “ഈശോ’ കൂട്ടത്തിലെ രാജാവായി മാറി.മെസ്സിയുടെ കട്ടൗട്ട് വാനിലേക്ക് ഉയര്‍ന്ന നിമിഷം അമ്പലക്കണ്ടി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ജനബാഹുല്യത്തിനാണ്. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറക്കണ്ണുകളും നാട്ടുകാരുടെ മൊബൈല്‍ സ്‌ക്രീനുകളും ആ ദൃശ്യം ഒപ്പിയെടുത്തു.നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയുടെ ഫീഡുകളാകെ അമ്പലക്കണ്ടിയുടെ ഈ ദൃശ്യങ്ങള്‍ കൈയടക്കിക്കഴിഞ്ഞു.കഴിഞ്ഞ ലോകകപ്പില്‍ മലയമ്മ പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ന്ന കട്ടൗട്ടുകള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള ആഗോള മാധ്യമങ്ങള്‍ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.

അന്ന് കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തതുപോലെ, ഇത്തവണ അമ്പലക്കണ്ടിയുടെ പേരും ലോകത്തിന്റെ നെറുകയില്‍ എത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇവിടുത്തെ യുവാക്കള്‍.പ്രിയ താരങ്ങളോടുള്ള അടങ്ങാത്ത പ്രണയവും സ്വന്തം ടീമിന്റെ വിജയപ്രതീക്ഷയും ചാലിച്ച് എഴുതിയ ഈ കട്ടൗട്ട് യുദ്ധം വരും ദിവസങ്ങളില്‍ അമ്പലക്കണ്ടിയെ കൂടുതല്‍ വാശിയേറിയ കളിപ്പൂരത്തിലേക്ക് നയിക്കും. പന്തുരുളുന്നത് വിദേശത്താണെങ്കിലും, അതിന്റെ ഹൃദയമിടിപ്പ് “ദാ ഇവിടെ ഈ അമ്പലക്കണ്ടിയിലാണെ’ന്ന് ഈ ചെറുപ്പക്കാര്‍ തെളിയിച്ചു കഴിഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com