മുക്കത്ത് ലോക രക്തദാന ദിനത്തിൽ മാതൃകയായി രക്തദാന ക്യാമ്പ്; മികച്ച രക്തദാതാക്കൾക്ക് കെഎംസിറ്റി ബ്ലഡ് ബാങ്കിന്റെ ആദരം.

മുക്കം: ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കെഎംസിറ്റി മെഡിക്കൽ കോളേജും ‘എന്റെ മുക്കം രക്തദാന സേന’യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് കെഎംസിറ്റി ഹോസ്പിറ്റലിൽ ആരംഭിച്ച ക്യാമ്പിൽ ഇരുപത്തഞ്ചോളം പേർ രക്തം ദാനം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ക്യാമ്പ് സമാപിച്ചത്.കഴിഞ്ഞ വർഷങ്ങളിൽ എന്റെ മുക്കം രക്തദാന സേന ഗ്രൂപ്പ് വഴി ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്ത 11 പേരെ ചടങ്ങിൽ കെഎംസിറ്റി ബ്ലഡ് ബാങ്ക് പ്രത്യേകമായി ആദരിച്ചു.
കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ കെഎംസിറ്റി ബ്ലഡ് ബാങ്കിലേക്ക് ഏറ്റവും കൂടുതൽ രക്തദാതാക്കളെ എത്തിച്ചു നൽകിയ മുൻകൈ എടുത്തതിന് എന്റെ മുക്കം രക്തദാന സേനയ്ക്കുള്ള ആദരവും ചടങ്ങിൽ കൈമാറി. ബ്ലഡ് ബാങ്ക് സൂപ്പർവൈസർ റിച്ചാർഡ് ജോസഫിൽ നിന്നും രക്തദാന സേന ഭാരവാഹികൾ ഉപഹാരം ഏറ്റുവാങ്ങി. ബ്ലഡ് ബാങ്ക് ഓഫീസർ ഡോ. അനുപമ രാജ് കെ, ഓപ്പറേഷൻ എക്സിക്യൂട്ടീവ് ജോയ്സി കെ. ജോസഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.എന്റെ മുക്കം രക്തദാന സേന കോർഡിനേറ്റർമാരായ ഷംസീർ മെട്രോ, റഹീസ് കാപ്പാട്, ഷനോജ്, ഷംസു പുള്ളാവൂർ, സലീം തടപ്പറമ്പ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



