കെട്ടാങ്ങൽ–അമ്പലക്കണ്ടി–ഓമശ്ശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃസ്ഥാപിക്കണം: പി.കെ. ഫിറോസിന് നിവേദനം.

ഓമശ്ശേരി: കെട്ടാങ്ങൽ–അമ്പലക്കണ്ടി–ഓമശ്ശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ യൂനുസ് അമ്പലക്കണ്ടി കൊടുവള്ളി എം.എൽ.എ. പി.കെ. ഫിറോസിന് ‘ഫിർസെ’ ആപ്പ് വഴി നിവേദനം നൽകി. പരാതികളും ജനകീയ ആവശ്യങ്ങളും സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം എം.എൽ.എ.തുടക്കം കുറിച്ച ഡിജിറ്റൽ സംവിധാനമാണ് ‘ഫിർസെ’ ആപ്പ്.
നിലവിൽ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ലാത്തത് പ്രദേശവാസികളെ യാത്രാദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.വർഷങ്ങൾക്കു മുമ്പ് നാട്ടുകാർ അന്നത്തെ കുന്ദമംഗലം എം.എൽ.എ. യു.സി.രാമനെ സമീപിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചിരുന്നുവെങ്കിലും പിന്നീടത് നിലച്ചുപോവുകയായിരുന്നു.
നാലു വർഷത്തിലേറെയായി ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസില്ലാത്തതിനാൽ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വയോജനങ്ങൾ തുടങ്ങി നിരവധി യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.തിരുവമ്പാടി ഡിപ്പോയിൽ നിന്ന് പുലർച്ചെ 5.20 മുതൽ രാത്രി 7.30 മണി വരെ ഏകദേശം അരമണിക്കൂർ ഇടവിട്ട് കോഴിക്കോട്ടേക്കും തിരിച്ചും നിരവധി കെ.എസ്.ആർ.ടി.സി.ബസ് സർവീസുകൾ നിലവിലുണ്ട്.
തിരുവമ്പാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഏറ്റവും എളുപ്പത്തിലും വേഗത്തിലും എത്തിച്ചേരാൻ കഴിയുന്ന പാതകളിലൊന്നാണ് ഓമശ്ശേരി–അമ്പലക്കണ്ടി–കെട്ടാങ്ങൽ റോഡ്. നിലവിൽ കോഴിക്കോട്–തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ ചിലത് മുക്കം വഴി പോകുന്നതിന് പകരം ഈ റൂട്ടിലൂടെ തിരിച്ചുവിട്ടാൽ പുതിയ സർവീസ് ആരംഭിക്കാതെ തന്നെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് നിവേദനത്തിൽ പറയുന്നു. ഇതുവഴി കെട്ടാങ്ങൽ മുതൽ പുത്തൂർ വരെയുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് ഗ്രാമീണർക്ക് പ്രയോജനം ലഭിക്കുമെന്നും സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ നടപ്പാക്കിയ സൗജന്യ കെ.എസ്.ആർ.ടി.സി. യാത്രാ പദ്ധതിയുടെ ഗുണം ലഭ്യമാവുമെന്നും നിവേദനത്തിൽ വിശദീകരിച്ചു.കെട്ടാങ്ങൽ-അമ്പലക്കണ്ടി-ഓമശ്ശേരി റോഡ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ്.
റോഡിന്റെ സിംഹഭാഗവും കൊടുവള്ളി മണ്ഡലത്തിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലാണ് പെടുന്നത്.വിദ്യാർഥികൾ, ജീവനക്കാർ, വ്യാപാരികൾ, സ്ത്രീകൾ, വയോജനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകൾ ദൈനംദിന യാത്രയ്ക്കായി ഈ റൂട്ടിനെ ആശ്രയിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃസ്ഥാപിക്കുന്നത് വലിയ ജനോപകാരപ്രദമായ നടപടിയായിരിക്കും.മുമ്പ് ഈ റൂട്ടിൽ സർവീസ് അനുവദിച്ചപ്പോഴും നിലവിലുള്ള സർവീസുകളുടെ റൂട്ട് പുനഃക്രമീകരിക്കുകയായിരുന്നുവെന്നും നിലവിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ മികച്ച യാത്രാസൗകര്യം ലഭ്യമാണെന്നും ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എയോട് നിവേദനത്തിലൂടെ അഭ്യർഥിച്ചു.



