
തിരുവമ്പാടി :കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. മൈസൂരുവിൽ വച്ചാണ് മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി വി.കെ.ജോസിനെ(66) തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ശിവകുമാർ എന്ന പേരിൽ മൈസൂരുവിൽ ഭാര്യയ്ക്കൊപ്പം അപ്പാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു.
1990ലാണ് ജോസ് കേരളത്തിൽ വച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. തിരുവമ്പാടി – കൂമ്പാറ ബസ് യാത്ര അവസാനിപ്പിച്ച സമയത്താണ് പ്രതി ബസിൽ എത്തി തോക്ക് ചൂണ്ടി പണം കവർന്നതെന്നു പൊലീസ് പറഞ്ഞു. ഇതിന് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, മൈസൂരുവിലെത്തിയ ജോസ് പെയ്ന്റിങ് ജോലികളിൽ ഏർപ്പെട്ടു വന്നു. ഇവിടെ വച്ച് വിവാഹവും കഴിച്ചു. ഇതിനിടെ രണ്ടു പെൺമക്കളുടെ വിവാഹവും കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ജോസ് വഴക്കിട്ടതിനെ തുടർന്ന് ഭാര്യ പൊലീസ് എമർജൻസി നമ്പറായ 112ൽ വിളിച്ചപ്പോൾ നരസിംഹരാജ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് പഴയ കേസിന്റെ ചുരുളഴിഞ്ഞത്. വീട് പരിശോധിക്കുന്നതിനിടെ കിടക്കയുടെ അടിയിൽ നിന്ന് തോക്കും ചില രേഖകളും കണ്ടെത്തി. സംശയം തോന്നിയ പൊലീസ് രേഖകളിലുള്ള വിവരം വച്ച് കേരള പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.തിരുവമ്പാടി പ്രബേഷൻ എസ്ഐ സുനിൽരാജ്, സീനിയർ സിപിഒ അബ്ദുൽ റഫീഖ് എന്നിവർ മൈസൂരുവിൽ എത്തിയപ്പോഴാണ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ കവർച്ച കേസിലെ പ്രതിയാണെന്നു കണ്ടെത്തിയത്. തുടർന്ന് ജോസിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താൻ കിടന്നിരുന്ന സ്ഥലം ആരെക്കൊണ്ടും വൃത്തിയാക്കിപ്പിക്കാൻ ജോസ് തയാറായിരുന്നില്ല. ഇതാണ് പൊലീസിനു സംശയം തോന്നാനും ഇവിടെ വിശദമായി പരിശോധിക്കാനും കാരണമായത്.



