ശുചിത്വ സംരക്ഷണത്തിന് ഊന്നൽ നൽകി നഗരസഭ ‘നമസ്തേ ദിനം’ ആചരിച്ചു.

മുക്കം :മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘നമസ്തേ ദിനം’ വിപുലമായി ആചരിച്ചു. മാലിന്യമുക്തവും സുസ്ഥിരവുമായ നഗരം കെട്ടിപ്പടുക്കുന്നതിൽ ശുചിത്വ പ്രവർത്തകരുടെ പങ്ക് വലുതാണെന്ന സന്ദേശം മുന്നോട്ടുവെച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ നഗരത്തെ വൃത്തിയായി സൂക്ഷിക്കാൻ രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുന്ന ഹരിത കർമ സേന അംഗങ്ങളെയും കണ്ടിജന്റ് ജീവനക്കാരെയും പ്രത്യേകം ആദരിച്ചു. സി ടി വി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ഹരിത കർമ സേന അംഗങ്ങളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. കെ പി ചാന്ദ്നി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി എ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടർ എൻ. കെ. ഹരീഷ് മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു. കെ. പി, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാരായ അബ്ദുള്ളക്കുട്ടി, ഷഫീക് മാടായി, ഗിരിജ വി, ബബിത മനോജ് തുടങ്ങിയവർ ആശംസകൾ നേർന്നു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ മജീദ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ആരോഗ്യ വിഭാഗം ജീവനക്കാർക്കായി മെഡിക്കൽ പരിശോധനയും നടത്തി.



