LOCAL NEWSNews

ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല; ചികിത്സ വൈകി, രോഗി മരിച്ചു

കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാൻ സാധിക്കാതെ അകത്തുകുടുങ്ങിയ രോഗി മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്. കോയമോനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം ഗവ. ബീച്ച് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. അവിടെ നിന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ ആംബുലൻസിന്റെ വാതിലാണ് തുറക്കാൻ കഴിയാതെ വന്നത്.
അരമണിക്കൂറോളമാണ് കോയമോൻ ആംബുലൻസിന്റെ അകത്തുകുടുങ്ങിയത്. ഒരു ഡോക്ടറും രണ്ട് സുഹൃത്തുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ് കോയമോൻ .

രോഗിയുടെ മരണം: വില്ലനായത് ആംബുലൻസിന്റെ കാലപ്പഴക്കം

ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ അകത്തു കുടുങ്ങിയ രോഗി മരിച്ചതിൽ വീഴ്ചയായത് ആംബുലൻസിന്റെ കാലപ്പഴക്കം. ഗവ. ജനറൽ ആശുപത്രിയിൽ ആകെയുള്ള 2 ആംബുലൻസുകളിൽ ഒന്ന് ടൈമിങ് ചെയിൻ മാറ്റാനായി വർക്‌ഷോപ്പിലാണ്. 20 വർഷത്തിലേറെ പഴക്കമുള്ള ആംബുലൻസാണ് ഇപ്പോൾ ഇവിടെ ഉപയോഗിക്കുന്നത്. അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ ഫറോക്ക് കരുവൻതിരുത്തി എസ്പി ഹൗസിൽ കോയമോനെ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയതും കാലപ്പഴക്കം ചെന്ന ഈ ആംബുലൻസിലാണ്.

ഈ ആംബുലൻസ് ഇടയ്ക്കിടെ തകരാറിലാകാറുണ്ടെന്നാണു പറയുന്നത്. ദിവസവും മൂന്നും നാലും തവണ ഇവിടെ നിന്ന് രോഗികളെ അടിയന്തര ഘട്ടത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വരാറുണ്ട്. അപ്പോഴെല്ലാം ഈ ആംബുലൻസാണ് ഉപയോഗിക്കാറുള്ളത്. നിലവിൽ വാതിൽ തകരാറിലായ ആംബുലൻസും വർക്‌ഷോപ്പിലേക്കു മാറ്റി. ഇതോടെ ബീച്ച് ആശുപത്രിയിൽ ആംബുലൻസ് സർവീസ് ഇല്ലാതെയായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com