താമരശ്ശേരി ചുരം ബൈപാസ്: ഡിപിആർ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് രാജീവ് ചന്ദ്രശേഖർ.

താമരശ്ശേരി: കോഴിക്കോട് മുതൽ മുത്തങ്ങ വരെയുള്ള ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനും, ഏറെ കാത്തിരുന്ന ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപാസ് പദ്ധതി യാഥാർഥ്യമാക്കുന്നതിനും അടിയന്തര ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് (DPR) തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും NHAI അധികൃതരുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വി.കെ. ഹുസൈൻ കുട്ടി, ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, ഭാരവാഹികളായ ജോണി പാറ്റാനി, വി.കെ. അഷ്റഫ്, റാഷി താമരശ്ശേരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജീവ് ചന്ദ്രശേഖർ നിലപാട് വ്യക്തമാക്കിയത്. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും തുടർനടപടികൾ ത്വരിതപ്പെടുത്താനുമായി അടുത്ത ദിവസം തന്നെ ഡൽഹിയിൽ എത്തുമ്പോൾ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.താമരശ്ശേരി ചുരത്തിൽ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന നിർദിഷ്ട ചുരം ബൈപാസ് അടങ്ങിയ ഈ ദേശീയപാത വികസന പദ്ധതി വയനാടിന്റെയും ഒപ്പം മലബാർ മേഖലയുടെയും സമഗ്ര വികസന മുന്നേറ്റത്തിന് വലിയ വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



