KODIYATHOORLOCAL NEWS

ആയിഷ ചേലപ്പുറം; വിട പറഞ്ഞത് ബന്ധങ്ങൾക്ക് വില കൽപ്പിച്ച മനുഷ്യ സ്നേഹി അന്ത്യോപചാരമർപ്പിക്കാനെത്തിയത് ആയിരങ്ങൾ

റിപ്പോർട്ട് :സി.ഫസൽബാബു

മുക്കം: ശനിയാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ ഇന്നു പുലർച്ചെ മരണത്തിന് കീഴടങ്ങിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വെസ്റ്റ് കൊടിയത്തുർ വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ആയിഷ ചേലപ്പുറത്തിൻ്റെ ഭൗതിക ശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മരണം അറിഞ്ഞ സമയം  മുതൽ തന്നെ സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ട നൂറ് കണക്കിനാളുകളാണ് ചെറുവാടി പൊറ്റമ്മൽ ചേലപ്പുറത്ത് വീട്ടിൽ എത്തി കൊണ്ടിരുന്നത്. മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചക്ക് 2.45 ഓടെ മൃതദേഹം വീട്ടിലെത്തിയപ്പോൾ തന്നെ വീടും പരിസരങ്ങളും ആളുകളെ കാെണ്ട്  നിറഞ്ഞിരുന്നു. ആയിഷയെ അവസാനമായി ഒരു നോക്ക് കാണാനുള്ളവരുടെ വരി 500 മീറ്റർ ദൂരം വരെ നീണ്ടു നിൽക്കുന്ന കാഴ്ചയായിരുന്നു. താനുമായി ആദ്യമായി ബന്ധപ്പെടുന്ന ഏതൊരാളെ പോലും സ്വന്തം സുഹൃത്തിനെ പോലെ കാണാനായി എന്നത് തന്നെയാണ് ഇത്രയധികം ആളുകൾ എത്താൻ കാരണമായത്. രണ്ട് തവണ ഗ്രാമ പഞ്ചായത്തംഗമായിരുന്ന ആയിഷ ആദ്യ ടേമിൽ സ്വന്തം വീട് നിലനിൽക്കുന്ന പൊറ്റമ്മൽ വാർഡിലായിരുന്നു. ഈ അഞ്ച് വർഷത്തിൽ ആദ്യരണ്ടര വർഷം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനവും തുടർന്നുള്ള രണ്ടര വർഷം വികസന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനവും വഹിച്ചു. ഇക്കാലയളവിൽ ജനങ്ങൾക്ക് നൽകിയ സേവനങ്ങൾ വാർഡിലെ ഒരോ മുക്കിലും മൂലയിലും മാത്രമല്ല തൻ്റെ കാഴ്ചപ്പാടുകൾ മൂലമുള്ള വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൻ്റെ മുഴുവൻ വാർഡുകളിലുമെത്തിക്കാനും ആയിഷക്കായി. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു എന്നതും ആയിഷയെ വേറിട്ടതാക്കി. പൊറ്റമ്മൽ പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന് അധികൃതർ അറിയിച്ചപ്പോൾ അതിനായി സ്വന്തം സ്ഥലം തന്നെ വിട്ടു നൽകാൻ തയ്യാറായ വ്യക്തിയായിരുന്ന ആയിഷ ചേലപ്പുറം പാലിയേറ്റീവ് മേഖലയിലും നിറസാന്നിധ്യമായിരുന്നു.  യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആയിഷ ചേലപ്പുറം ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും അത് നർമത്തിൽ ചാലിച്ച് മറ്റുള്ളവർക്ക് വിവരിച്ചു നൽകുന്നതിലും ഏറെ സന്തോഷം കണ്ടെത്തിയിരുന്നു. മാത്രമല്ല ഒരു നല്ല ഗായിക കൂടിയായിരുന്ന ആയിഷ ചേലപ്പുറം  പഞ്ചായത്തിൻ്റെ ഭിന്ന ശേഷി കുട്ടികൾക്കുള്ള വിനോദ യാത്രയിലും പാലിയേറ്റീവ് രോഗികൾക്കുള്ള വിനോദയാത്രയിലും മറ്റ് യാത്രകളിലുമെല്ലാം തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ പാട്ടു പാടി കൂടയുള്ളവർക്ക് ആവേശം പകരാനും മുൻപന്തിയിലായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com