
മുക്കം: മലയോര മേഖലയിൽ വീണ്ടും മഴ ശക്തമായതിനെ തുടർന്ന് മുക്കം പാലത്തിന് സമീപത്തെ ഒരു ഹോട്ടലിന്റെ പിൻഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാണു. ഹോട്ടലിലുണ്ടായിരുന്ന റഫ്രിജറേറ്ററും പാചകപാത്രങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങൾ പുഴയിലേക്ക് ഒഴുകിപ്പോയി.
മുക്കം കടവ് പാലത്തിന് സമീപം ബാബു പി.കെ.എസ്. എന്നയാളുടെ ഉടമസ്ഥതയിലുള്ള ചായ് ചൗക്ക് ഹോട്ടലിന്റെ പിൻവശമാണ് തകർന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തുന്നു. പ്രദേശത്ത് മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.



