ഇ.എസ്.എ. പരിധിയിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇ.എസ്.എ. പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നും തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വനാതിർത്തിയോട് ചേർന്ന് ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ഭയവും ആശങ്കയും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. അന്തിമ വിജ്ഞാപനത്തിൽ ഗ്രാമവില്ലേജുകളെ ഒറ്റ യൂണിറ്റായി കാണാതെ, വനമേഖല മാത്രം ഉൾപ്പെടുത്തണമെന്നും ഭാവിയിൽ ജനവാസ-കാർഷിക മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും യോഗം വ്യക്തമാക്കി. ജനവാസമേഖല ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന കൃഷിവകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ കോൺഗ്രസ് സ്വാഗതം ചെയ്തു.
അതേസമയം, ഇ.എസ്.എ വിഷയത്തിൽ സി.പി.ഐ.എം നടത്തുന്ന രാപ്പകൽ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലിരുന്നിട്ടും ജനങ്ങൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാത്തതിന്റെ കുറ്റബോധം മറയ്ക്കാനാണ് ഇപ്പോൾ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുന്ദരൻ എ. പ്രണവം അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കതെരുവിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, ടോമി കൊന്നക്കൽ, ഷിജു ചെമ്പനാനി, സജി കൊച്ചുപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.



