കോടഞ്ചേരി പഞ്ചായത്തിലെ രണ്ട് വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള നീക്കം: നാളികേര ഉത്പാദക സംഘം പ്രതിഷേധിച്ചു.

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ 2 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിൽ വലിയകൊല്ലി നാളികേര ഉത്പാദക സംഘം പൊതുയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പരിസ്ഥിതി ലോല മേഖലാ വിജ്ഞാപനം വന്നാൽ കർഷകരുടെയും നാട്ടുകാരുടെയും ജീവിതം ദുസ്സഹമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ നീക്കത്തിനെതിരെ മുൻ മുഖ്യമന്ത്രിമാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ സംസ്ഥാന സർക്കാർ പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കേരള മന്ത്രിസഭ ഈ വിഷയം അടിയന്തരമായി ഗൗരവമായി പരിഗണിക്കണമെന്നും നിശ്ചിത കാലയളവിനുള്ളിൽ ഹരിത ട്രൈബൂണലിൽ പരാതി സമർപ്പിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. CPS പ്രസിഡന്റ് ടോമി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജോയി പി.എം. പൊട്ടംകുഴിയിൽ, സജി ജോസ്, ഷാജൻ കാഞ്ഞിരത്തുങ്കൽ, മത്തായി എം.എ. മുത്തുപ്ലാകൾ, മാത്യു കളപ്പുര, അഗസ്റ്റിൻ പണനാൽ, ജോയി വട്ടക്കുന്നേൽ എന്നിവർ സംസാരിച്ചു.



