LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

വയോജനങ്ങൾ ബാല്യത്തിലേക്ക് മടങ്ങിയെത്തി; മുത്തേരിയിൽ “ഓർമ്മയിലെ ഓണം” ആഘോഷിച്ചു.

മുക്കം: വയോജനങ്ങൾ ഒന്നടങ്കം ഒത്തുചേർന്ന്, ബാല്യകാലത്തിന്റെ ആവേശത്തിലേക്കും അളവറ്റ സന്തോഷത്തിലേക്കും മടങ്ങിയെത്തിയപ്പോൾ “ഓർമ്മയിലെ ഓണം” നാടിനാകെ വേറിട്ടൊരു അനുഭവമായി. മുക്കം നഗരസഭ ഡിവിഷൻ 9 മുത്തേരിയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ 60 വയസ്സ് തികഞ്ഞവർക്കായി ഈ അപൂർവ്വ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.
പഴയകാല ഓണത്തിന്റെ മനോഹരമായ ഓർമ്മകൾ പങ്കുവെച്ചും, ഉള്ളിലെ കലാകഴിവുകൾ പുറത്തെടുത്തും മുതിർന്നവർ പരിപാടി അവിസ്മരണീയമാക്കി. വാശിയേറിയ ഓണ ഗെയിമുകളിൽ സജീവമായി പങ്കെടുത്തതോടെ വയോജനങ്ങൾ തങ്ങളുടെ ചെറുപ്പകാലത്തേക്ക് തിരികെപ്പോകുന്ന കാഴ്ചയ്ക്കാണ് വേദി സാക്ഷ്യം വഹിച്ചത്.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്‌സൺ അഡ്വ. കെ.പി. ചാന്ദിനി നിർവ്വഹിച്ചു.

ഡിവിഷൻ കൗൺസിലറും ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ റാഷിദ് കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാബു സി.കെ. സ്വാഗതവും ആശാവർക്കർ മിനി മുത്തേരി നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ മാധ്യമപ്രവർത്തകൻ ചന്ദ്രബാബു, ബി.ആർ.സി. ട്രെയിനർ ഹാഷിദ് മാസ്റ്റർ, സുബ്രഹ്മണ്യൻ നായർ, രാധാകൃഷ്ണൻ മാസ്റ്റർ, മുത്തേരി യു.പി. സ്കൂൾ എച്ച്.എം. സന്ധ്യ ടീച്ചർ, ബാലകൃഷ്ണൻ മുത്തേരി, കാദർ മാസ്റ്റർ, ശങ്കരൻ ഉണ്ണി നായർ എന്നിവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വയോജനങ്ങൾക്കായി പ്രത്യേകമായി ഒരുക്കിയ വിവിധ ഓണ ഗെയിമുകൾ, ആവേശകരമായ കലാകായിക മത്സരങ്ങൾ, തുടർന്ന് എല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ച സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com