മുക്കം നഗരസഭയിൽ എലിപ്പനി പ്രതിരോധം ഊർജിതം; ബോധവൽക്കരണവും ക്ലോറിനേഷനും നടത്തി

മുക്കം: മുക്കം നഗരസഭ പരിധിയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. 48 വയസുള്ള യുവതി എലിപ്പനി ബാധിച്ചു മരണപ്പെട്ട സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഡിവിഷൻ 18 ലാണ് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തത്. ഈ ഏരിയയിലെ മുഴുവൻ വീടുകളിലും ആരോഗ്യവകുപ്പ് അധികൃതർ സന്ദർശനം നടത്തുകയും ഫീവർ സർവ്വേ, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തൽ, എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ വിതരണം, ശുചിത്വ പരിശോധന, അണു നശീകരണ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ ഉൾപ്പെടെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഇ.കെ രൂപ, ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി പ്രജിത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി കെ.ജി ബിന്ദു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.സി ബാബുരാജ്, ലിൻസി, എന്നിവരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നൂഹ, എം എൽ പി നേഴ്സ് ഷഹാന, ആശ വർക്കർമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാലുകളിൽ മുറിവ്, വീണ്ടു കീറൽ, വളം കടി എന്നിവ ഉള്ളവർ കെട്ടിക്കിടക്കുന്ന മലിനജലവുമായോ എലി മൂത്രം കലർന്ന മണ്ണുമായോ സമ്പർക്കപ്പെട്ടാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ നിർബന്ധമായും കഴിച്ചിരിക്കണമെന്നും എലികളെ ആകർഷിക്കുന്ന വിധത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി ഇടാതെ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. ഏതു പനി ആയാലും സ്വയം ചികിത്സ അപകടകരമാണെന്നും ഡോക്ടറെ കാണിച്ചു ആവശ്യമായ പരിശോധനകൾ നടത്തി രോഗ നിർണയശേഷം ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ചികിത്സ പാടുള്ളൂ എന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു



