റോഡ് തകർന്ന് നാട്ടുകാരുടെ ദുരിതം: മാമ്പൊയിൽ റോഡ് സി.കെ. കാസിം എം.എൽ.എ സന്ദർശിച്ചു

മുക്കം: മുക്കം നഗരസഭയിലെ കുറ്റിപ്പാല – പമ്പ് ഹൗസ് – മാമ്പൊയിൽ റോഡിൽ സി.കെ കാസിം എം.എൽ.എ സന്ദർശനം നടത്തി. എല്ലാവർക്കും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച അമൃത് – 2 പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ സുരക്ഷിതമായ യാത്ര മാർഗമില്ലാതെ നൂറിലധികം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എ സന്ദർശനം നടത്തിയത്. സ്ഥലത്തെത്തിയ എം എൽ എ വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയറെ ഫോണിൽ ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രയാസം ബോധ്യപ്പെടുത്തുകയും ഉടൻ പ്രശ്ന പരിഹാരം ആവശ്യപ്പെടുകയും ചെയ്തു. രണ്ടാഴ്ചക്കകം പ്രവൃത്തിയാരംഭിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി എം എൽ എ പറഞ്ഞു. എട്ട് മാസം മുമ്പ് പൊളിച്ചിട്ട റോഡിൽ ഓരോ ദിവസം കഴിയുംതോറും അപകട സാധ്യതയും വർധിച്ചു വരികയാണ്. നിലവിൽ ഇരുചക്രവാഹനങ്ങൾ അടക്കം മറിഞ്ഞ് അപകടം നിത്യ സംഭവമാണിവിടെ.പുഴയോരം റസിഡൻസ് ഭാരവാഹികൾ നിരവധി തവണ പരാതികൾ അറിയിച്ചിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ മെയിൽ റോഡിൽ എന്തെങ്കിലും തരത്തിൽ ഗതാഗത തടസ്സമുണ്ടായാൽ യാത്രക്കാർ ബൈപ്പാസായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്.700 മീറ്റർ നീളത്തിൽ 4 മീറ്റർ വീതിയിലുള്ള റോഡ് പല ഭാഗത്തും മുഴുവനായും ചില സ്ഥലങ്ങളിൽ പകുതിയിലധികം ഭാഗവും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എം എൽ എ സ്ഥലം സന്ദർശിച്ചത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളും ജീവനക്കാരും താമസിക്കുന്ന ഫ്ലാറ്റുകൾ ഉൾപ്പെടെ ഈ ഭാഗത്തുണ്ട്. സത്രീകൾ ഉൾപ്പെടെ നിരവധി പേർ പ്രഭാതസവാരിക്കാരായി ഉണ്ടായിരുന്നങ്കിലും റോഡിലെ അപകടാവസ്ഥ മൂലം അതും നിർത്തിവെച്ചിരിക്കുകയാണ്. എം എൽ എക്കൊപ്പം വാർഡ് കൗൺസിലർ സുഹറ വഹാബ്, യുഡിഎഫ് നേതാക്കളായ ഒ.കെ ബൈജു, ലെറിൻ റാഹത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു



