ആപ്പിലാക്കുന്ന ലോണാപ്പുകൾ: വ്യാജ വായ്പ്പാ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കേരള പോലീസ്

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങൾ നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസും കോഴിക്കോട് സിറ്റി പോലീസും മുന്നറിയിപ്പ് നൽകി. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും എസ്.എം.എസ്, വ്യാജ വെബ്‌സൈറ്റുകൾ എന്നിവ വഴിയുമാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്
തട്ടിപ്പ് രീതി ഇങ്ങനെ:
APK ഫയലുകൾ: അംഗീകൃത ആപ്പുകളെന്ന വ്യാജേന അയച്ചുനൽകുന്ന വ്യാജ എ.പി.കെ (APK) ഫയലുൾ, ജോലി സംബന്ധമായ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫീസ് ഇനത്തിൽ തട്ടിപ്പ്: വിശ്വാസ്യത ലഭിക്കാനായി ചെറിയൊരു തുക വായ്പയായി അക്കൗണ്ടിലേക്ക് അയച്ചു നൽകിയ ശേഷം, പ്രോസസിങ് ഫീ, ജി.എസ്.ടി, ഇൻഷുറൻസ്, വെരിഫിക്കേഷൻ ചാർജ് എന്നീ പേരുകളിൽ പല ഘട്ടങ്ങളിലായി വൻ തുക തട്ടിയെടുത്ത് ഇവർ മുങ്ങുന്നു.
ബ്ലാക്ക്‌മെയിലിംഗും മോർഫിംഗും: കൈക്കലാക്കിയ വ്യക്തിഗത രേഖകളും ഫോണിലെ ഫോട്ടോകളും ദുരുപയോഗം ചെയ്തും, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും വീണ്ടും പണം തട്ടുന്നു.
വ്യാജ അക്കൗണ്ടുകൾ: ഇരകളുടെ കെ.വൈ.സി രേഖകൾ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എടുത്ത് മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. തട്ടിപ്പിന് ശേഷം ആപ്പും വെബ്സൈറ്റും ഉപേക്ഷിച്ച് പുതിയ പേരിൽ ഇവർ വീണ്ടും രംഗത്തിറങ്ങുകയാണ് പതിവ്.
പോലീസിന്റെ പ്രധാന നിർദേശങ്ങൾ:
ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി മാത്രം വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
ആർ.ബി.ഐയുടെ (RBI) അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം വായ്പകൾ എടുക്കുക.
അജ്ഞാത ലിങ്കുകൾ വഴി ലഭിക്കുന്ന എ.പി.കെ (APK) ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
മുൻകൂർ പണം ആവശ്യപ്പെടുന്ന വായ്പാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കുക.
തിരിച്ചറിയൽ രേഖകൾ, ബാങ്ക് വിവരങ്ങൾ, ഒ.ടി.പി (OTP), യു.പി.ഐ പിൻ (UPI PIN), സി.വി.വി (CVV) എന്നിവ അപരിചിതരുമായി പങ്കുവെക്കരുത്.
പരാതിപ്പെടാൻ:
ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.



