KERALA NEWSSOCIAL

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ ആധാർ ഒ.ടി.പി നിർബന്ധം

സെപ്റ്റംബർ 21 മുതൽ മോട്ടോർ വാഹന വകുപ്പിന്റെ (MVD) 60 സേവനങ്ങളും ആധാർ ഒ.ടി.പി അധിഷ്ഠിത ഫേസ്‌ലെസ്സ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. വാഹൻ, സാരഥി പോർട്ടലുകൾ വഴി നിലവിൽ നൽകുന്ന സേവനങ്ങളിലെ ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനാണ് ഈ നടപടി.
നിലവിൽ ലഭിക്കുന്ന 60-ഓളം സേവനങ്ങളിൽ 21 എണ്ണം മാത്രമാണ് ഫേസ്‌ലെസ്സ് സംവിധാനത്തിലൂടെ പൂർണ്ണമായും ഓൺലൈനായി ലഭ്യമായിരുന്നത്. കൃത്യമായ ഒ.ടി.പി പരിശോധനയില്ലാത്ത ശേഷിക്കുന്ന സേവനങ്ങൾക്ക് അപേക്ഷകർ ഏജന്റുമാരെയും ഇടനിലക്കാരെയും ആശ്രയിക്കുന്നത് പതിവായിരുന്നു. അപൂർണ്ണമായ രേഖകൾ സമർപ്പിച്ച് അപേക്ഷകൾ ബോധപൂർവ്വം വൈകിപ്പിക്കുകയും, കാര്യങ്ങൾ വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മാറ്റം.
ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ, എല്ലാ പരിവാഹൻ സേവനങ്ങളും ഫേസ്‌ലെസ്സ് ആക്കാൻ MVD, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോടും (NIC) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും (MoRTH) അഭ്യർത്ഥിച്ചിരുന്നു. ഇതിനായുള്ള അവസാനഘട്ട സോഫ്റ്റ്‌വെയർ പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്

ഈ പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങൾ:

1.ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴി ഒ.ടി.പി അധിഷ്ഠിതമായി അപേക്ഷകൾ സമർപ്പിക്കാം.

2.’ആദ്യം വരുന്നവർക്ക് ആദ്യം’ (First Come First Serve) എന്ന മുൻഗണനാ ക്രമത്തിൽ അപേക്ഷകൾ തീർപ്പാക്കും.

3.വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയൽ പരിശോധന, കാരണം കാണിക്കൽ നോട്ടീസിനെത്തുടർന്നുള്ള വ്യക്തിഗത വാദം കേൾക്കൽ തുടങ്ങിയ പ്രക്രിയകൾക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങൾക്കും ഇനി ആർ.ടി. ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല.

4.’നമ്മുടെ കേരളം’ പോർട്ടൽ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
‘നമ്മുടെ കേരളം’ പോർട്ടൽ വഴി വ്യക്തിഗത വാദം കേൾക്കൽ, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാൻ സാധിക്കും.

5.’നമ്മുടെ കേരളം’ പോർട്ടലിലെ ‘Vmeet’ വഴി ആർ.ടി.ഒയ്ക്ക് മുന്നിൽ വീഡിയോ കോൾ വഴി ഹാജരാകാനുള്ള സൗകര്യം.

6.പൊതുജനങ്ങൾക്ക് ഏജന്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകൾ സമർപ്പിക്കുന്നതിൽ സഹായം ആവശ്യമുള്ളവർക്കോ, സമയമില്ലാത്തവർക്കോ, നടപടിക്രമങ്ങൾ അറിയാത്തവർക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (CSC) കേന്ദ്രങ്ങളെയോ അല്ലെങ്കിൽ ആർ.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.

7.ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആർ.ടി. ഓഫീസിൽ നേരിട്ട് പോകേണ്ടി വന്നേക്കാം.

8.ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകൾ ആർ.ടി. ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല.

9.ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, ഹെവി വെഹിക്കിൾ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകർ സാരഥി പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യണം.

10.വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹൻ പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്.
11.ഉടൻ തന്നെ എല്ലാ ജില്ലകളിലും സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങൾ (Automated Vehicle Testing Stations) നിലവിൽ വരും. ഇതിനോടകം കൊല്ലം, ആലപ്പുഴ ജില്ലകളിലായി 3 എ.ടി.എസുകൾ പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com