koduvalyLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊടുവള്ളി മണ്ഡലത്തിലെ പാലം, റോഡ് വികസനം; തടസ്സങ്ങൾനീക്കി നിർമാണം വേഗത്തിലാക്കാൻ നിർദേശം

കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പി.കെ. ഫിറോസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെയും യോഗം ചേർന്നു. നടമ്മൽക്കടവ് പാലം, വെളിമണ്ണ പാലം, പരപ്പൻപൊയിൽ -പുന്നശ്ശേരി റോഡ് നവീകരണം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്.

നടമ്മൽക്കടവ് പാലത്തിന്റെ നിർമാണം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ. നിർദേശം നൽകി. കൺഫർമേറ്ററി ബോർഹോൾസ് നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ നിർമാണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാനാകുമെന്നും നടപടികൾ സമയബദ്ധമായി പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

സംസ്ഥാനബജറ്റിൽ പ്രൊവിഷൻ അനുവദിച്ചിട്ടുള്ള വെളിമണ്ണ പാലത്തിന് നിലവിലെ തുക പര്യാപ്തമല്ലാത്തതിനാൽ എസ്റ്റിമേറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. നിർമാണത്തിനാവശ്യമായ സ്ഥലത്തിന്റെ മാർക്കിങ് നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അധിക തുക അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ. അറിയിച്ചു.

പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡ് നവീകരണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും കെ.എസ്.ഇ.ബി. പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദേശംനൽകി. യൂട്ടിലിറ്റി ഷിഫ്റ്റിങ്, ചുറ്റുമതിൽ നിർമാണം, ഡി.ആർ. വർക്കുകൾ, വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കൽ എന്നിവ സമയബദ്ധമായി പൂർത്തിയാക്കണം. ഇവ പൂർത്തിയായാൽ റോഡ് നിർമാണം ആരംഭിക്കാനാകുമെന്നും എം.എൽ.എ . പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. ലൈല, റസീന സിയാലി, സി. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഉസ്സയിൻ, ജനപ്രതിനിധികൾ, പൊതുമരാമത്ത്, കെ.ആർ.എഫ്.ബി., യു.എൽ.സി.സി. ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com