തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026: സ്വാഗതസംഘം രൂപീകരിച്ചു; വിളംബര ജാഥ ഒക്ടോബർ 30-ന് 3.30 PM.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026-ന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള മത്സരങ്ങൾ നവംബർ മാസം ഒന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ വിവിധ വേദികളിലായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
യുവജനങ്ങളിൽ കായിക-കലാ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, പഞ്ചഗുസ്തി, ചെസ്സ് എന്നിവയ്‌ക്കൊപ്പം വിവിധ കലാ-കായിക മത്സരങ്ങളും വിപുലമായ രീതിയിൽ സംഘടിപ്പിക്കും.
കേരളോത്സവത്തിന്റെ പ്രചരണാർത്ഥം 30/10/2026 വെളളിയാഴ്ച വൈകിട്ട് 3:30 മണിക്ക് തിരുവമ്പാടിയിൽ വിളംബര ജാഥ നടത്താനും യോഗത്തിൽ തീരുമാനമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വൈസ് പ്രസിഡന്റ് പി.ആർ. അജിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മനോജ് വാഴെപ്പറമ്പിൽ, ഫിറോസ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, സെക്രട്ടറി ശരത് ലാൽ, ക്ലർക്ക് സാജൻ എന്നിവർ സംസാരിച്ചു. വിവിധ ജനപ്രതിനിധികളും ക്ലബ് ഭാരവാഹികളും യോഗത്തിൽ സന്നിഹിതരായിരുന്നു.



