KERALA NEWSNews

വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലാക്കൂ; സമ്മാനം നേടൂ

കോഴിക്കോട്: വാഹനാപകടത്തിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കു പാരിതോഷികം നൽകുന്ന പദ്ധതിക്കു ജില്ലയിൽ തുടക്കം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം മോട്ടർ വാഹന വകുപ്പിന്റെ നിയമത്തിൽ അടുത്തിടെ ഉൾപ്പെടുത്തിയ ‘സമരിതൻ’ അവാർഡാണ് (5000 രൂപ) ജില്ലാ അപ്രൈസർ കമ്മിറ്റി മുഖേന വ്യക്തികൾക്ക് നൽകുന്നത്.

ഗുരുതര പരുക്കേറ്റ വ്യക്തിയെ ഒരു മണിക്കൂറിനകം തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുന്നവർക്കാണു തുക നൽകുന്നത്. അവാർഡിന് അർഹരാണോയെന്നു പരിശോധിക്കാൻ ജില്ലകൾ കേന്ദ്രീകരിച്ച് അപ്രൈസർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കലക്ടർ ചെയർമാനായ കമ്മിറ്റിയിൽ ജില്ലാ പൊലീസ് മേധാവി, മെഡിക്കൽ ഓഫിസർ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവരാണുള്ളത്.

അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവരുടെ വിവരം പൊലീസ് അപ്രൈസർ കമ്മിറ്റിക്ക് നൽകും. തുടർന്നു സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിക്കു റിപ്പോർട്ട് നൽകും. 5,000 രൂപ ഓൺലൈനായി സർക്കാർ നൽകും. അവാർഡിന് അർഹരായവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 പേർക്കു ദേശീയതലത്തിൽ ഒരു ലക്ഷം രൂപ വീതം നൽകും. രക്ഷപ്പെടുത്താൻ ശ്രമിച്ചവരെ ഇത്തരം കേസുകളിൽ സാക്ഷികളാക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

ജില്ലയിൽ നടന്ന അപ്രൈസർ കമ്മിറ്റിയിൽ എഡിഎം സി.മുഹമ്മദ് റഫീഖ്, ഡിഎംഒ ഉമ്മർ ഫാറൂഖ്, ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ പി.കെ.സന്തോഷ്, ആർടിഒ പി.ആർ.സുമേഷ്, പൊലീസ് പ്രതിനിധി എ.സനൽരാജ് എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com