മലയോര ഹൈവേയുടെ പെരുവണ്ണാമൂഴിമുതൽ തലയാടുവരെയുള്ള ഭാഗത്തെ റോഡുനിർമാണത്തിന് മുന്നോടിയായി 18 മുതൽ സർവേ തുടങ്ങും. പെരുവണ്ണാമൂഴി, ചക്കിട്ടപാറ, കൂരാച്ചുണ്ട് വഴി തലയാടേക്കുള്ള വഴിയാണ് സർവേ നടത്തുന്നത്.
12 മീറ്റർ വീതിയിലാണ് റോഡുനിർമാണം. നിലവിലുള്ള റോഡ് വീതികൂട്ടി പുനർനിർമിക്കുകയാണ് ചെയ്യുക.പ്രവൃത്തി വേഗത്തിലാക്കാൻ ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷനായി.സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ യോഗത്തിൽ അധികൃതർക്ക് നിർദേശംനൽകി. പ്രവൃത്തിയുടെ ചുമതലയുള്ള റോഡ്ഫണ്ട് ബോർഡിന്റെ എക്‌സിക്യുട്ടീവ് എൻജിനിയർ ബിജു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, പഞ്ചായത്തംഗം ജിതേഷ് മുതുകാട് എന്നിവർ പങ്കെടുത്തു.
മലയോര ഹൈവേയിൽ ജില്ലയിലൂടെ കടന്നുപോകുന്ന 113.19 കോടിയുടെ പ്രവൃത്തിക്ക് കിഫ്ബി ഫെബ്രുവരിയിൽ സാമ്പത്തികാനുമതി നൽകിയിരുന്നു. പെരുവണ്ണാമൂഴിമുതൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ 28-ാം മൈൽ വരെയുള്ള 15.65 കിലോമീറ്റർ ഭാഗത്തെ പ്രവൃത്തിക്ക് 71.94 കോടിയും 28-ാം മൈൽമുതൽ പടിക്കൽവയൽവരെയുള്ള 6.79 കിലോമീറ്റർ പ്രവൃത്തിക്ക് 41.25 കോടിയുമാണ് അനുവദിച്ചത്.ജില്ലയിൽ 130 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന മലയോരഹൈവേയിൽ തൊട്ടിൽപാലത്തുനിന്ന് തുടങ്ങി തലയാടുവരെയുള്ള ഭാഗമാണ് നേരത്തെ ഒരു റീച്ചായി കണക്കാക്കിയിരുന്നത്.തൊട്ടിൽപ്പാലത്തുനിന്ന് ചെമ്പനോട വഴി പെരുവണ്ണാമൂഴി വഴിയാണ് റോഡ് കടന്നുപോകാൻ ആദ്യം ഉദ്ദേശിച്ചിരുന്നത്.
ഇതിൽ ചെമ്പനോടയ്ക്കും പെരുവണ്ണാമൂഴിക്കും ഇടയിൽ വനമേഖലയിലൂടെ പാത കടന്നുപോകുന്നതിനാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.ഇതിനാൽ മൂന്ന് റീച്ചുകളായി തിരിച്ച് പ്രശ്നങ്ങളില്ലാത്ത ഭാഗങ്ങളിൽ വേഗത്തിൽ പ്രവൃത്തി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കൂരാച്ചുണ്ട് ടൗണിലും വീതിയില്ലാത്ത പ്രശ്നം നിലനിൽക്കുന്നുണ്ട്.



