KERALA NEWSLOCAL NEWSNews

ഒ.എൽ.എക്സ് വഴി ഐഫോൺ തട്ടിയെടുക്കുന്ന മൂന്നംഗ സംഘം പിടിയിൽ

കൽപറ്റ: സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങൾ ഓൺലൈനായി വിൽക്കുന്ന ഒ.എൽ.എക്സിൽ വിൽപനക്ക് വെച്ച ഐഫോൺ തട്ടിയെടുക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ.

സുൽത്താൻ ബത്തേരി സ്വദേശിയുടെ 52,500 രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ തന്ത്രപൂർവം തട്ടിയെടുത്ത കേസിലാണ് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ്‌ ഫസീൽ (26), ഇയാളുടെ ഭാര്യ ഓമശ്ശേരി സ്വദേശിനി ശബാന ഷെറിൻ (21), പാണ്ടിക്കാട് സ്വദേശി മുഹമ്മദ്‌ യൂസഫ് ഇസാം (22) എന്നിവരെ വയനാട് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും പിടികൂടിയത്.
ഒ.എൽ.എക്സിൽ വിൽക്കാൻ വെക്കുന്ന ഐഫോൺ ഉടമകളെ യാണ് പ്രതികൾ ഉന്നം വെക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ ശബാന ഷെറിൻ വ്യാജ പേരുകളിൽ മൊബൈൽ ഫോൺ ഉടമകളെ വിളിച്ച് ഇടപാട് ഉറപ്പിച്ചശേഷം മൊബൈൽ ഫോൺ കോഴിക്കോട്, നിലമ്പൂർ ഭാഗത്തേക്കുള്ള ബസിൽ കയറ്റി വിടാൻ ആവശ്യപ്പെടും.

തുടർന്ന് ഫോണിന്റെ വിലയായി മുഹമ്മദ് യൂസഫ് ഇസാം വ്യാജ ബാങ്ക് രസീത് തയാറാക്കി ഫോൺ ഉടമക്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടിൽ പണം ലഭിക്കാതെ ഫോൺ ഉടമ സംഘത്തെ ബന്ധപ്പെടുമ്പോൾ ബാങ്ക് സെർവർ തകരാർ ആണെന്ന് വിശ്വസിപ്പിക്കും.

ഈ സമയം കൊണ്ട് തട്ടിപ്പുകാർ ഫോൺ ബസിൽ നിന്ന് വാങ്ങി മൊബൈൽ കടയിൽ വിൽപന നടത്തിയിട്ടുണ്ടാകും. തട്ടിപ്പിലൂടെ നേടുന്ന പണം വിനോദ സഞ്ചാരത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഇവർ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com