NewsTHIRUVAMBADY

തിരുവമ്പാടി-വഴിക്കടവ് പാലം ഒരുവർഷത്തിനകം യാഥാർഥ്യമാകും

തിരുവമ്പാടി : മലയോര, കുടിയേറ്റ നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന്റെ പുനർനിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കാൻ ധാരണ. ടെൻഡർ നടപടി പൂർത്തിയായി. നബാർഡ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി 5.53 കോടിരൂപ പദ്ധതിക്കായി നേരത്തേ വകയിരുത്തിയെങ്കിലും രൂപകല്പനയിൽ ഭേദഗതിവന്നതിനെത്തുടർന്ന് ടെൻഡർ നടപടി വൈകുകയായിരുന്നു.ഹാസ്‌കൻ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

പാലം പുനർനിർമാണത്തിനായി കരാർ കമ്പനി ഷെഡ് ഒരുക്കിക്കഴിഞ്ഞു. സ്ഥലം വൃത്തിയാക്കുന്ന പ്രാരംഭപണികൾ ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രിയുടെ തീയതി ലഭിക്കുന്നമുറയ്ക്ക് ഉടൻ നിർമാണോദ്ഘാടനം ഉണ്ടാകുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. യുടെ ഓഫീസിൽനിന്നറിയിച്ചു.11 മീറ്റർ വീതിയിലാണ് പാലം പുനർനിർമിക്കുക. 7.5 മീറ്റർ ടാറിങ്ങും ഇരുവശത്തും 1.5 മീറ്റർവീതം നടപ്പാതയുമുണ്ടാകും. പുന്നക്കൽ ഭാഗത്തേക്ക്‌ 50 മീറ്ററും തിരുവമ്പാടി ഭാഗത്തേക്ക്‌ 65 മീറ്ററും സമീപനപാതയുമൊരുക്കും. പാലത്തിന്റെ ഇരുവശത്തും 50 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി പണിയും. കാലപ്പഴക്കംച്ചെന്ന് ജീർണാവസ്ഥയിലായ പാലത്തിന്റെ തൂണിനും സമീപനറോഡിലുമെല്ലാം വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് മാതൃഭൂമി നേരത്തേ റിപ്പോർട്ട് ചെയ്തിരിന്നു. ഒട്ടേറെ അപകടങ്ങളാണ് ഇവിടെ ഇതിനകമുണ്ടായത്. തിരുവമ്പാടി-പുന്നക്കൽ റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരണം പൂർത്തിയായിട്ടുണ്ട്.പുല്ലൂരാംപാറ റൂട്ടിൽ വല്ല ഗതാഗതസ്തംഭനവുമുണ്ടായാൽ മറിപ്പുഴ, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, കരിമ്പ്, പുല്ലൂരാംപാറ, കൊടക്കാട്ട്പാറ, പൊന്നാങ്കയം നിവാസികൾ ആശ്രയിക്കുന്ന ഏക സഞ്ചാരമാർഗമാണ് ഈ പാലം. നിർദിഷ്ട വയനാട് തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന പാലം മലയോരഹൈവേയുമായും ബന്ധപ്പെടാൻ ഉപകരിക്കുന്നതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com