
മനഃശാസ്ത്രജ്ഞനും മാനസികാരോഗ്യവും.. ഗൾഫിൽ പലയിടത്തും ബിസിനസ്സുള്ള റഫീക്കിന്റെ മകനായി ജനിച്ച ഫൈസലിന്റെ ബാല്യകാലം ഒരു വിഷമവും അറിയാതെയാണ് കടന്നുപോയത്.. അവന്റെ എന്ത് ആഗ്രഹവും സാധിച്ചുകൊടുക്കാൻ ആളും അർത്ഥവും അവന്റെ രക്ഷിതാക്കൾക്കുണ്ടായിരുന്നു.. ദാരിദ്ര്യം എന്തെന്നോ വിഷമങ്ങളും ബുദ്ധിമുട്ടുകളും എന്തെന്നോ അറിയാതെ ഫൈസൽ വളർന്നു.. ദുബൈയിലെ പ്രശസ്തമായ സ്കൂളിൽ ചേർന്ന് പഠിച്ച് പ്ലസ് ടു കഴിഞ്ഞു.. അവിടെത്തന്നെ ഒരു കോളേജിൽ ചേർന്ന് ഡിഗ്രിയും എടുത്തു.. അവനെ സ്കൂളിലും കോളേജിലും കൊണ്ടു വിടാൻ മാത്രം പ്രത്യേകം വണ്ടിയും ഡ്രൈവറും ഉണ്ടായിരുന്നു..
സമ്പത്തിന്റെയും ആർഭാടത്തിന്റെയുമല്ലാത്ത ഒരു ജീവിതം ഫൈസൽ ഒരിക്കലും അനുഭവിച്ചിരുന്നില്ല.. പണത്തിന്റെ ഹുങ്കും കേമത്തരം പറയുന്നവരുമല്ലാത്ത ഒരു യഥാർത്ഥ സൗഹൃദം അവനുണ്ടായിരുന്നില്ല.. ഒന്നും ചെയ്യാനില്ലാതെ അവന് ജീവിതം ബോറടിച്ചു തുടങ്ങി.. താൻ എന്തിന് പഠിക്കണം?, ഒരു ജോലിക്ക് വേണ്ടിയോ?, തങ്ങളുടെ കമ്പനിയിൽ തന്നെ നൂറുകണക്കിന് ആളുകൾ ജോലി ചെയ്യുന്നുണ്ട്. എന്തിനു പഠിക്കണം എന്ന് അറിയാതെ, പഠനത്തിലൊന്നും ശ്രദ്ധിക്കാൻ കഴിയാതെ എങ്ങനെയൊക്കെയോ ഡിഗ്രി പാസായി.. പല വിഷയങ്ങളും ഒന്നും രണ്ടും തവണ എഴുതിയാണ് പാസായത്.. സിനിമയോ ഇന്റർനെറ്റൊ ഒന്നും അവനെ ഭ്രമിപ്പിച്ചില്ല..കുന്നുകൂടുന്ന സമ്പത്തും കൊട്ടാരം പോലെയുള്ള വീടും വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളും ഒന്നും അവനെ സന്തോഷിപ്പിച്ചില്ല.. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷിച്ചിരുന്നപ്പോൾ അവൻ അതിൽനിന്നെല്ലാം മാറി നിന്നു.. അവിടെ എവിടെയും അവന് പുതിയതായി ഒന്നും കാണാനോ കേൾക്കാനോ അനുഭവിക്കാനോ ഉണ്ടായിരുന്നില്ല.. സമ്പത്ത് അധികരിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണോ ജീവിതം എന്ന് അവൻ സംശയിച്ചു.. ഉപ്പയുടെ പല ബിസിനസുകളിൽ ഒന്നിൽ പോലും അവൻ ഇടപെട്ടില്ല.. എന്തും ആവശ്യത്തിൽ കൂടുതൽ ലഭിച്ചിരുന്നത് കൊണ്ട് അവന് ആഗ്രഹങ്ങളും ആവശ്യങ്ങളും കുറഞ്ഞു കുറഞ്ഞു വന്നു.. ഒന്നിലും സന്തോഷിക്കാനാവാതെ അവൻ വല്ലാതെ മാനസിക പിരിമുറുക്കത്തിലായി.. അവന്റെ ഈ മാറ്റം ഘട്ടം ഘട്ടമായി ശ്രദ്ധിച്ചിരുന്ന അവന്റെ രക്ഷിതാക്കൾ ആരുടെയോ ശുപാർശ പ്രകാരമാണ് ഡോക്ടർ രാമൻനായരെ കാണാൻ വന്നത്.. ഡോക്ടർ പെട്ടെന്ന് തന്നെ അവന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി.. വളരെ സുരക്ഷിത മേഖലയിൽ വളർന്നതുകൊണ്ട് ജീവിതയാഥാർത്ഥ്യങ്ങൾ ഒന്നും അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.. വായനാശീലം ഇല്ലാതിരുന്നതുകൊണ്ടും സമ്പന്നതയുടെ നടുവിൽ മാത്രം ജീവിച്ചതുകൊണ്ടും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കേഴുന്നവരുടെ മാനസികാവസ്ഥ നേരിട്ട് അറിയാനോ അനുഭവിക്കാനോ അവന് കഴിഞ്ഞിട്ടില്ല.. രാമൻ നായർ അവന്റെ രക്ഷിതാക്കളോട് പ്രതിവിധിയായി പറഞ്ഞത്, അവനിപ്പോൾ ജീവിക്കുന്ന ആ ചുറ്റുപാടിൽ നിന്ന് മാറണം എന്നാണ്..
ഡോക്ടർ അവരോട് ഒരു സംഭവ കഥ പറഞ്ഞു..”ഒരു ഹിന്ദിക്കാരൻ അഞ്ചാറുമാസമായി കേരളത്തിലെ ചെറിയ ഒരു ഹോട്ടലിൽ ജോലിയിൽ കയറി. മേശ തുടക്കലും പാത്രം കഴുകലും അങ്ങിനെ എല്ലാ ജോലികളും അവൻ ചെയ്തു. ഒരു വർഷത്തിനുശേഷം നാട്ടിൽ പോയി അവൻ തിരിച്ചു വന്നത് ആ ഹോട്ടൽ ഉടമയ്ക്കും അവിടെ ജോലി ചെയ്തവർക്കും കൈ നിറയെ സമ്മാനങ്ങളും പാരിതോഷികങ്ങളുമായായിരുന്നു”..”ഹോട്ടലിൽ ഉണ്ടായിരുന്നവർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസ്സിലാക്കുന്നത്. ഗുജറാത്തിലെ അതിസമ്പന്നനായ ഒരു വജ്ര വ്യാപാരിയുടെ മകനായിരുന്നു അവൻ. എന്താണ് ജീവിതമെന്നും എന്തിനാണ് ജീവിക്കുന്നതെന്നും മകനെ നേരിട്ട് ബോധ്യപ്പെടുത്താനായി ആ പിതാവ് കണ്ടുപിടിച്ച ഒരു വഴിയായിരുന്നു അത്”.. ഡോക്ടർ ആ കഥയുടെ ഉള്ളടക്കം അവരോട് വിശദീകരിച്ചു..”ഇവൻ പയ്യനല്ലേ, ഇവൻ പഠിക്കട്ടെ”.. അങ്ങനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം നാട്ടിലെ ഒരു കോളേജിൽ MSW എടുത്ത് മാസ്റ്റർ ഡിഗ്രി ചെയ്യാൻ തീരുമാനിച്ചു.. തുരുമ്പെടുത്ത ജനലഴികളും നിറം മങ്ങിയ പെയിന്റും എയർകണ്ടീഷനോ ഫാനോ ഇല്ലാത്ത ക്ലാസ് മുറികളും അലങ്കാരപ്പണികളോ കൊത്തുപണികളോ ഇല്ലാത്ത ഡെസ്കും ബെഞ്ചും ഫൈസലിന് ആദ്യത്തെ അനുഭവമായിരുന്നു..
അയക്കൂറയും ആവോലിയും മാത്രം തിന്ന് മടുത്തവന് മത്തി (ചാള) പൊരിച്ചത് തിന്നുമ്പോൾ കിട്ടുന്ന ഒരു സ്വാദിഷ്ടമായ രുചിയുണ്ട്, ആ രുചി അനുഭവിക്കുന്നത് പോലെയായിരുന്നു അവനപ്പോൾ തോന്നിയത്.. പലതരത്തിലുള്ള സുഹൃത്തുക്കളായി. സമ്പത്തിന്റെ അതിപ്രസരം എവിടെയും കാണാനില്ല..MSW കേട്ടിട്ടുണ്ടെങ്കിലും എന്താണതെന്ന് അവൻ മനസ്സിലാക്കുന്നത്, അവൻ അവിടെ ചേർന്ന് പഠിക്കാൻ തുടങ്ങിയത് മുതലാണ്.. ആദ്യത്തിലൊക്കെ പല നിർവചനവും അവന്റെ മനസ്സിൽ ഉരുത്തിരിഞ്ഞെങ്കിലും”സഹജീവി സ്നേഹമാണ്” ഈ മാസ്റ്റർ ഡിഗ്രി എന്ന് അവൻ മനസ്സിലാക്കി.. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഭിക്ഷ എടുക്കുന്നവരെയും നിർധനരായ രോഗികളെയും വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരെയും അവൻ അവന്റെ പഠനത്തിന്റെ ഭാഗമായി സന്ദർശിച്ചു.. മറ്റുള്ളവരുടെ വിഷമങ്ങൾ അവൻ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അറിയുന്നത്.. മറ്റുള്ളവർക്ക് വേണ്ടി സങ്കടപ്പെടുന്നതും ആദ്യമായിട്ട് തന്നെയായിരുന്നു.. മറ്റേതൊരു പ്രൊഫഷണൽ ഡിഗ്രിയേക്കാളും ശ്രേഷ്ഠമാണ് MSW എന്ന് അവന് തോന്നി.. കഷ്ടപ്പെടുന്നവരെയും നിരാലംബരെയും പുനരധിവിസിപ്പിക്കാൻ അവസരം ഒരുക്കി കൊടുക്കുക എന്ന മഹത്തായ ഒന്നാണ് അതെന്ന് അവന് ബോധ്യപ്പെട്ടു..
കുറച്ച് മാസങ്ങൾക്ക് ശേഷം അവൻ ഒന്നു കൂടെ മനസ്സിലാക്കി, ഈ ഡിഗ്രി തിരഞ്ഞെടുത്തവരിൽ കൂടുതലും സഹജീവിസ്നേഹവും പ്രകൃതിസ്നേഹവും ജീവിതത്തിന്റെ ഭാഗമാക്കിയവരും അതിന് ശ്രമിക്കുന്നവരും ആണ് എന്ന്..എന്താണ് പഠിക്കേണ്ടത് എന്നും എന്തിനാണ് പഠിക്കേണ്ടതെന്നും എന്താണ് ജീവിതമെന്നും അവൻ അറിഞ്ഞു തുടങ്ങി.. ചേരികളിലെയും കോളനികളിലെയും ജീവിതം കണ്ട് അവന് സങ്കടം തോന്നി.. തന്റെ കമ്പനികളുടെ ലാഭവിഹിതത്തിന്റെ 5% ചാരിറ്റിക്കായി മാറ്റിവച്ചത് അവൻ എപ്പോഴോ കേട്ടിട്ടുണ്ട്.. അവൻ ആ അഞ്ച് ശതമാനം ആ പാവങ്ങൾക്ക് എത്തിച്ചുകൊടുത്തു.. മാസങ്ങൾ പോയിക്കൊണ്ടിരിക്കെ അവനും അവന്റെ ചില കൂട്ടുകാരും വല്ലപ്പോഴും ക്ലാസിൽ കയറി കോളനിയിലെയും ചേരിയിലെയും ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യാൻ പറ്റുക എന്നതിനെപ്പറ്റി അന്വേഷിച്ചു.. ഫൈസലിന് ഓരോ ദിവസവും ജീവിതത്തിന് പുതിയ പുതിയ അർത്ഥങ്ങളുള്ളതായി തോന്നി.. ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കുന്ന, അവരുടെ ക്ഷേമം നിലനിർത്തുന്ന തന്റെ ഉപ്പയുടെ മഹത്വം ഫൈസൽ മനസ്സിലാക്കി തുടങ്ങി.. കുറച്ച് കാശ് കൊടുത്തത് കൊണ്ടൊന്നും ഒരാളുടെയും പ്രശ്നം പരിഹരിക്കില്ല എന്ന് അവർ മനസ്സിലാക്കി..അവർക്കൊരു സ്ഥിര വരുമാനം വേണം..
ഒരിക്കൽ ഫൈസൽ അവന്റെ സ്വന്തം നാട്ടിൽ ഒരു കുന്നിൻ പുറത്തുള്ള ലക്ഷം വീട് കോളനി സന്ദർശിക്കാൻ പോയി.. രണ്ട് സെന്റിലും മൂന്ന് സെന്റിലും അറുപതോളം വീടുകളുള്ള ഒരു കോളനി.. നിത്യ വരുമാനം ഇല്ലാത്തതുകൊണ്ടും കുത്തഴിഞ്ഞ ജീവിതം കൊണ്ടും ഓരോ ദിവസവും ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന ഒരുപറ്റം ആളുകളെ അവൻ അവിടെ കണ്ടു.. ടൗണിൽ കോളേജിൽ പോയിരുന്ന അവൻ അവിടെയുള്ള ചേരികളിലെയും കോളനികളിലെയും ആളുകളെ മാത്രമേ കണ്ടിരുന്നുള്ളൂ.. പകുതി ദിവസവും ക്ലാസിൽ പോകാതെ ഫൈസൽ ആ ലക്ഷംവീട് കോളനിയിലെ സ്ഥിരം സന്ദർശകനായി.. അവരുടെ പുനരധിവാസത്തിനായി ഫൈസൽ പലതും ചെയ്തു.. നാട്ടിൽ പലതരം ബിസിനസുകളും ഉള്ള അവന്റെ അമ്മാവന്റെ സ്ഥാപനങ്ങളിൽ ചിലർക്ക് അവൻ ജോലി കൊടുത്തു.. കൃഷിപ്പണി അറിയുന്നവർക്ക് അവന്റെ പറമ്പിലും പാടത്തും ജോലി ശരിയാക്കി..
തന്റെ കൃഷിത്തോട്ടങ്ങളിൽ ഇട കൃഷിയായി വാഴയും കപ്പയും ചേനയും ചേമ്പും കൃഷി ചെയ്യാൻ സൗകര്യം ഒരുക്കി കൊടുത്തു.. ഉണങ്ങിയ അടക്ക പൊളിക്കാനായി കോളനിയിലെ പല വീടുകളിലും എത്തിച്ചു കൊടുത്തു.. അവന്റെ ഉപ്പയുടെ സഹായത്താൽ ചിലർക്കെല്ലാം തയ്യൽ മെഷീൻ വാങ്ങിച്ചു കൊടുത്തു.. നഗരത്തിലെ ചില ടെക്സ്റ്റൈൽ ഷോപ്പിലേക്കാവശ്യമായ തുണിത്തരങ്ങൾ അവരെക്കൊണ്ട് തൈപ്പിച്ചു.. കോളനിയോട് ചേർന്നുണ്ടായിരുന്ന വാറ്റു കേന്ദ്രം കോളനിക്കാരെ കൂട്ടി അടപ്പിച്ചു.. കുറച്ച് ആളുകൾക്ക് യുഎഇയിൽ കഴിവിനനുസരിച്ച് ജോലിക്ക് നിയമിച്ചു.. കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു.. യഥാർത്ഥത്തിൽ ഫൈസൽ അവൻ പോലും അറിയാതെ ആ കോളനി ദത്തെടുക്കുകയായിരുന്നു.. കോളേജ് പഠനം പകുതി വെച്ച് നിർത്തി ഫൈസൽ ഒരു മുഴുവൻ സമയ സാമൂഹ്യ പ്രവർത്തകനായി..വർഷങ്ങൾ ആറേഴു കടന്നുപോയി.. ഇതിനിടയ്ക്ക് ഫൈസൽ മനസ്സിലാക്കിയ മറ്റൊരു കാര്യം, നിർധനരും നിരാലംബരുമായ ഈ ജനങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന പല ആനുകൂല്യങ്ങളും ഭാഗികമായി പോലും ലഭിക്കുന്നില്ല എന്ന്.. അവന്റെ കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി അവളെ വിവാഹം കഴിച്ചു..
ഫൈസലിന്റെ പ്രവർത്തിയിൽ ഏറെ അഭിമാനിച്ച അവന്റെ ഭാര്യ അവന് ഉറച്ച പിന്തുണ നൽകി.. വായനാശീലം കുറവായിരുന്ന ഫൈസലിനെ വായിക്കാൻ പ്രേരിപ്പിച്ചു.. ഇതിനിടയ്ക്ക് പല സമയങ്ങളിലും വീട്ടുകാർക്ക് ഫൈസലിനോട് അലോഹ്യം തോന്നിയെങ്കിലും അതെല്ലാം ഫൈസൽ അവരെ സ്നേഹിച്ചുകൊണ്ട് മറികടക്കുകയാണ് ചെയ്തത്.. ഫൈസൽ കോളനിയിലെ എന്നല്ല ആ നാട്ടുകാർക്ക് തന്നെ പ്രിയപ്പെട്ടവനായി.. നാട്ടിൽ നടക്കുന്ന എന്തൊരു കാര്യത്തിനും ഫൈസൽ മുൻപന്തിയിൽ നിന്നു.. ജീവിതത്തിന്റെ ഓരോ നിമിഷവും വളരെ മനോഹരമാണെന്ന് തിരിച്ചറഞ്ഞ് അവനത് ആസ്വദിക്കാൻ തുടങ്ങി..
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർത്ഥിയും കൂട്ടരും വീടുകൾ കയറി വോട്ട് ചോദിക്കുകയാണ്.. സൈക്യാട്രിസ്റ്റ് രാമൻനായരുടെ വീടായിരുന്നു അടുത്തത്.. കോളിംഗ് ബെൽ അമർത്തി.. രാമൻ നായർ വാതിൽ തുറന്നു..”നമസ്കാരം സർ, ഞാൻ ഫൈസൽ, സാറിനെന്നെ അറിയുമൊ എന്ന് എനിക്ക് അറിയില്ല. ഞാൻ സാറിന്റെ ക്ലിനിക്കിൽ വന്നിട്ടുണ്ട്. അന്ന് ഞാൻ അവിടെ വന്നില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ജീവിച്ചിരിക്കുമോ എന്ന് പോലും എനിക്ക് അറിയില്ല”.. ഫൈസൽ അല്പം ഡീറ്റൈൽ ആയി പറഞ്ഞപ്പോൾ ഡോക്ടർക്ക് ആളെ മനസ്സിലായി..”Your life Begin’s at the end of your comfort zone” അവന് മറുപടിയായി രാമൻ നായർ ഇംഗ്ലീഷിലുള്ള ഈ പഴമൊഴി പറയുകയാണ് ചെയ്തത്..”അതെ സാർ, ആ സുരക്ഷിത മേഖല പൊട്ടിച്ചതിനുശേഷമാണ് ഞാൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്”.. അവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന കൂടെയുള്ളവർക്ക് കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അവർ ഡോക്ടറോട് പറഞ്ഞു,”സാർ, ഫൈസലാണ് നമ്മുടെ എംഎൽഎ സ്ഥാനാർത്ഥി, നിങ്ങളും വീട്ടിലുള്ളവരും അവനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം”..”Sure, all the best”.. ഡോക്ടർ അവൻ വിജയം ആശംസിച്ചു.. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം Sidhique Patta..



