
ജില്ലയിലെ മലയോര പ്രദേശങ്ങളിലെ കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ വികസന സമിതി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ ഡോ.എല്‍ തേജ് ലോഹിത് റെഡ്ഡി. കാട്ടുപന്നി ശല്യം രൂക്ഷമായ ഇടങ്ങളിൽ കൂടുതൽ പേര്‍ക്ക് തോക്കിന് ലൈസന്‍സ് നല്‍കുന്ന കാര്യത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡി.ഡി.സി യോഗത്തില്‍ വിവിധ എം.എല്‍.എമാര്‍ വിഷയം ഉന്നയിച്ചതിന് മറുപടിയായാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട എടുത്തുവച്ച കല്ല് പട്ടികജാതി കോളനിയിലെ നവീകരണ പ്രവര്‍ത്തി നവംബര്‍ 10 നകം പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ക്യാബിന്‍ വര്‍ക്ക്, കെട്ടിട നമ്പര്‍ എന്നിവ തയ്യാറാവുന്നതോടെ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്ന് സബ് രജിസ്ട്രാര്‍ പറഞ്ഞു. അമ്പലക്കുന്ന് എസ് കോളനി തുടര്‍പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട ഡി പി ആര്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നിര്‍വഹണ ഏജന്‍സിയായ യുഎല്‍സിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.കുറ്റ്യാടി നാദാപുരം സംസ്ഥാനപാതയിലെ കുറ്റ്യാടി കക്കട്ടില്‍ ടൗണില്‍ തകര്‍ന്ന ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് ഇടുന്ന പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അനുമതി ലഭിച്ച ഉടന്‍ പ്രവര്‍ത്തി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ സാന്നിധ്യത്തില്‍ യോഗം ചേരും. ബീച്ച് ഹോസ്പിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തി പുരോഗതി സംബന്ധിച്ച് ടെക്‌നിക്കല്‍ സാങ്ഷന്‍ ലഭിക്കുന്നതിനായി ഡിസൈന്‍ റിവ്യൂ, ഇ എസ് ജി റിവ്യൂ എന്നിവ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്നും റിവൈസ്ഡ് ടെക്‌നിക്കല്‍ സാങ്ഷന്‍ ലഭിച്ചതിനുശേഷം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. മലയാളഭാഷാ വാരാചരണം, ഡിജിറ്റല്‍ റീ സര്‍വ്വേ എന്നിവക്ക് എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും ഉണ്ടാവണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. എം.എല്‍.എമാരായ പി.ടി.എ റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ്, കെ.എം സച്ചിന്‍ദേവ്, ഡി.ഡി.സി എം.എസ് മാധവിക്കുട്ടി, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.



