ഉദ്ഘാടനത്തിന് പിന്നാലെ ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തന രഹിതം; നടപടി സ്വീകരിച്ചു; പ്രസിഡൻറ്

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പ്രവർത്തനരഹിതമായി. ഗ്യാസ് ക്രിമിറ്റോറിയത്തിന്റ പൈപ്പിന്റെ മുകൾഭാഗത്തെ തകരാറുമൂലം യന്ത്രം പ്രവർത്തിപ്പിക്കാൻപറ്റാത്ത അവസ്ഥയാണ്.കഴിഞ്ഞ മൂന്നിനാണ് ലിന്റോ ജോസഫ് എം.എൽ.എ. ശ്മശാനം തുറന്നുകൊടുത്തത്.
ഒരു മൃതദേഹം മാത്രമാണ് സംസ്കരിക്കാനായത്. ആദ്യ മൃതദേഹം സംസ്കരിക്കുന്നതിനിടെ തന്നെ യന്ത്രത്തകരാർ ബോധ്യപ്പെട്ടതോടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.തകരാർ പരിഹരിക്കാൻ കരാറുകാരായ സിൽക്ക് ഏജൻസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അടുത്തയാഴ്ച തന്നെ പരിഹാരം കാണാൻ കഴിയുമെന്നുമാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് എന്റെ തിരുവമ്പാടി വാർത്തകളോട് പറഞ്ഞു
വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച യന്ത്രം തുരുമ്പെടുത്തതാണ് പ്രശ്നമായതെന്നും അദ്ദേഹം വ്യക്തമാക്കി. മലയോരനിവാസികളുടെ നിരന്തര മുറവിളികൾക്കൊടുവിൽ യാഥാർഥ്യമായ പൊതുശ്മശാനം ആരംഭത്തിൽത്തന്നെ പ്രതിസന്ധിയിലായത് പ്രതിഷേധത്തിനിടയാക്കിയിരിക്കുയാണ്.പത്തുദിവസം പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ അധികൃതർക്കായില്ല. പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഒറ്റപ്പൊയിലിൽ ഗ്രാമപ്പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യമായത്.



