ജില്ലാ സ്കൂൾ കലോത്സവം: ഔദ്യോഗിക ലോഗോയ്ക്ക് പിന്നാലെ സമാന്തര ലോഗോയുമായി എംഎൽഎ; വിവാദം.

മുക്കം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കിയ ലോഗോയ്ക്ക് പിന്നാലെ സമാന്തരമായി മറ്റൊരു ലോഗോ കൂടി പ്രകാശനം ചെയ്തത് വിവാദമാകുന്നു. നവംബർ 28 മുതൽ ഡിസംബർ മൂന്നുവരെ മുക്കത്ത് നടക്കുന്ന കലോത്സവത്തിനായി ഒക്ടോബർ 15-ന് വിദ്യാഭ്യാസ ഉപഡയറക്ടർ ഔദ്യോഗിക ലോഗോ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയും ഒരു വിഭാഗം അധ്യാപക സംഘടനയും മുൻകൈയെടുത്ത് മറ്റൊരു ലോഗോ പ്രകാശനം ചെയ്തത്.ഒരു മേളയ്ക്ക് രണ്ട് ലോഗോകൾ വന്നതോടെ അധ്യാപകരിലും വിദ്യാർഥികൾക്കിടയിലും സംഘാടകരിലും കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.ഭിന്നശേഷി വിദ്യാർഥിനി വരച്ച ഔദ്യോഗിക ലോഗോ അവഗണിച്ചു.കലോത്സവത്തിന്റെ ലോഗോ കണ്ടെത്തുന്നതിനായി പബ്ലിസിറ്റി കമ്മിറ്റി ഭിന്നശേഷിവിദ്യാർഥികൾക്കിടയിൽ പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിൽ കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റജ നൗറിൻ വരച്ച ചിത്രമാണ് ഔദ്യോഗിക ലോഗോയായി തെരഞ്ഞെടുത്തത്. ജന്മനാ വലതുകൈ ഇല്ലാത്ത റജ ഇടതുകൈ കൊണ്ട് വരച്ച ഈ ചിത്രം ഒക്ടോബർ 15-ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ്. അമൃത ഔദ്യോഗികമായി പ്രകാശനം ചെയ്തിരുന്നു.വിശദീകരണക്കുറിപ്പും വിവാദത്തിൽ ഔദ്യോഗിക ലോഗോ നിലനിൽക്കെ സി.കെ. കാസിം എംഎൽഎയുടെ താൽപ്പര്യപ്രകാരം മറ്റൊരു ലോഗോ കൂടി പുറത്തിറക്കുകയും, ‘കലോത്സവ ലോഗോ പുറത്തിറക്കി’ എന്ന പേരിൽ വെള്ളിയാഴ്ച വാർത്തകൾ വരികയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. വിഷയം വിവാദമായതോടെ മാധ്യമങ്ങളെ പഴിചാരി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പും പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



