LOCAL NEWSNews

വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിലായി.

കോഴിക്കോട് : കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരിയെ കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിലായി.  ഇരിങ്ങലൂർ സ്വദേശി അർഷാദ് ബാബു, നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുൽ ഹമീദ്, കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് ,കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുൾ മനാഫ്, മാത്തോട്ടം വാഴച്ചാൽ വയൽ അബദുൾ അസീസ്, എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി അക്ബർ ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും ചേർന്നാണ് ഇവരെ പിടികൂടിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേസിലെ പ്രതിയായ  മാത്തോട്ടം സ്വദേശി ഫൈസലിനെ പിടികൂടിയിരുന്നു. നവംബര്‍ 14-ാം തീയതിയാണ്  കേസിനാസ്പദമായ സംഭവമുണ്ടായത്. കച്ചവടം നടത്തുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകി വരികയായിരുന്ന പരാതിക്കാരനെ അർഷാദ്ബാബു വിന്റെ നേതൃത്വത്തിലുളള  സംഘം മർദ്ദിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരാതിക്കാരനെ ബീച്ച് ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. വ്യാപാരിയുടെ  പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കേസെടുത്ത് ടൗൺ പൊലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് അന്വേഷണം നടത്തി വരികയായിരുന്നു. എന്നാല്‍  പ്രതികൾ ഒളിവിൽ പോയി.

ഒരു മാസത്തോളമായി കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ്  പൊലീസ് വലയിലാക്കിയത്. പൊലീസ് പിടികൂടുമെന്ന് ഭയന്ന് പ്രതികള്‍ പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയിരുന്നില്ല. മൊബൈൽ ഫോൺ ഒഴിവാക്കിയ പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ വക്കീലിന്റെ നിർദ്ദേശപ്രകാരം സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങാറില്ലായിരുന്നു. സംഭവശേഷം സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചില്ലെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. റോഡരികിലും, ചെറിയ ചെറിയ റൂമുകളിലും സ്വന്തമായി ഭക്ഷണം പാകം ചെയ്തും മറ്റും പല സ്ഥലങ്ങളിലും മാറി മാറി താമസിച്ച്  കേരളാ തമിഴ്നാട് ബോർഡറിൽ ആനക്കട്ടി എന്ന സ്ഥലത്ത് വനപ്രദേശത്ത് ഒളിവിൽ കഴിയുന്നെന്ന് പൊലീസ് മനസ്സിലാക്കി.

തുടര്‍ന്ന്  പ്രത്യേക അന്വേഷണ സംഘം വന മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും ആനയിറങ്ങുന്ന പ്രദേശമായതിനാൽ രാത്രി തിരച്ചിൽ നിർത്തി.  അന്വേഷണ സംഘം പിറ്റേന്ന്  പരിശോധന തുടർന്നെങ്കിലും പ്രതികൾ വീണ്ടും ഈറോഡ് ഭാഗത്തേക്ക് പോയി. ഇത് മനസ്സിലാക്കിയ പൊലീസ് പ്രതികളെ   40 കിലോമീറ്റോളം പിൻതുടർന്ന് കോയമ്പത്തൂരിൽ നിന്നും ഈറോഡിലേക്ക് പോകുന്ന വഴി ശരവണപ്പെട്ടി എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞു സാഹസികമായി പിടികൂടുകയായിരുന്നു.  അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാദിൽകുന്നുമ്മൽ, ശ്രീജിത്ത്പടിയാത്ത്,ഷഹീർ പെരുമണ്ണ,സിപിഒമാരായ സുമേഷ്ആറോളി, രാകേഷ് ചൈതന്യം,അർജുൻ എ.കെ, ടൗൺ സ്റ്റേഷൻ എ.എസ് ഐമാരായ ഷബീർ, രാജൻ, സുനിത സീനിയർ സിപിഒ സജേഷ് കുമാർ.പി,രമേശൻ,സി പി ഒ അനൂജ്.എ, വനിത സിപിഒ സുജന എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com