പമ്പുകൾ കേന്ദ്രീകരിച്ച് ക്യു.ആർ കോഡ് തട്ടിപ്പ്;10 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്

മുക്കം: ഓൺലൈൻ കുഴൽപ്പണ തട്ടിപ്പിന്റെ പുതിയ പതിപ്പുമായി വിലസുന്നത് ആശങ്ക ഉയർത്തുന്നു. ക്യു.ആർ കോഡ് ഉപയോഗിച്ചാണ് പുതിയ തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചാണ് യുവാക്കൾ ഉൾപ്പെടുന്ന സംഘത്തിന്റെ വൻ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നത്. പമ്പുകളിലെ യു.പി.ഐ ക്യു.ആർ കോഡുകൾ ദുരുപയോഗം ചെയ്ത് വ്യാജ പണമിടപാടുകളാണ് നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഏതാണ്ട് 10 ലക്ഷത്തിലധികം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്.
തട്ടിപ്പിനിരയായ ഭൂരിഭാഗം പമ്പുകളുടെയും ബാങ്ക് അക്കൗണ്ടുകൾ സൈബർ പൊലീസ് മരവിപ്പിച്ചതായും പരാതിയുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, എം.ആർ.പി.എൽ , ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളുടെ പമ്പുകളിലാണ് പ്രധാനമായും സംഘം വലവിരിച്ചിരിക്കുന്നത്.കാറുകളിലെത്തുന്ന യുവാക്കളുടെ സംഘം ചെറിയ തുകക്ക് ഇന്ധനം അടിച്ച ശേഷം ഓൺലൈനായി പണം അയക്കാനായി പമ്പിലെ ക്യു.ആർ കോഡ് ആവശ്യപ്പെടും.
തുടർന്ന് ഇവർ ഈ ക്യു.ആർ കോഡിന്റെ ചിത്രം മൊബൈൽ ഫോൺ വഴി മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ തട്ടിപ്പ് ശൃംഖലക്ക് അയച്ചുകൊടുക്കും.നിമിഷങ്ങൾക്കകം ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇന്ധനം അടിച്ചതുകയേക്കാൾ വളരെ വലിയൊരു തുക പമ്പിന്റെ അക്കൗണ്ടിലേക്ക് വരും. പണം അക്കൗണ്ടിൽ കയറിയ ഉടനെ യുവാക്കൾ പമ്പ് ജീവനക്കാരോട് തുക മാറിപ്പോയതായും ബാക്കി തുക പണമായി തിരിച്ചുതരണമെന്നും ആവശ്യപ്പെടും.
പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തിയിൽ ജീവനക്കാർ ബാക്കി തുക കൈയിൽ നിന്നും പണമായി നൽകുകയും ഈ പണവുമായി സംഘം ഉടൻ തന്നെ മുങ്ങുകയുമാണ് പതിവ്.വടക്കേ ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്നോ മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ തട്ടിയെടുക്കുന്ന പണമാണ് ഇത്തരത്തിൽ പമ്പുകളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുന്നത്. ഇങ്ങനെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കള്ളപ്പണം അക്കൗണ്ടിൽ എത്തുന്നതോടെ, ആ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന സൈബർ പൊലീസ് പമ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു.
ഇതോടെ ഒരേസമയം കയ്യിലെ പണവും ബാങ്ക് അക്കൗണ്ടുകളും ബ്ലോക്കായി ഇരട്ടി ദുരിതത്തിലായിരിക്കുകയാണ് പമ്പുടമകൾ.ഇതിനെതിരെ അന്വേഷണം ശക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തട്ടിപ്പിനിരയായ പമ്പുടമകൾ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. അന്തർസംസ്ഥാന ബന്ധമുള്ള ഈ യുവാക്കളുടെ തട്ടിപ്പ് സംഘത്തെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും പോലീസ് അറിയിച്ചു.



