
തിരുവമ്പാടി: കൂടരഞ്ഞി റോഡിൽ നിന്നും പുന്നയ്ക്കൽ റോഡിലേക്കുള്ള ഹൈസ്കൂൾ ഗ്രൗണ്ട് ബൈപാസ് റോഡ് തകർന്നു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്കു മുമ്പ് കോൺക്രീറ്റ് നടത്തിയ ഈ റോഡിൽ കലുങ്ക് നിർമിച്ചിരുന്നു. കക്കുണ്ട് തോടിനു മുകളിൽ നിർമിച്ച കലുങ്കിന്റെ സമീപമാണ് റോഡ് പൂർണമായി തകർന്നത്.കലുങ്കിന്റെ സ്ലാബിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി തീർന്നിട്ടുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്.റോഡ് നന്നാക്കണമെന്ന് ആവശ്യം ഏറെക്കാലമായി ഉയർന്നിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല എന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്. ഏറെ തിരക്കുള്ള ഈ റോഡിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



