ബീവറേജ് ഔട്ട്ലെറ്റിൻ്റെ ലൈസൻസ് പുതുക്കി നൽകി മദ്യ വിൽപ്പനയെ പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കുക; മുക്കം നഗരസഭയിൽ പ്രതിപക്ഷ മെമ്പർമാരുടെ പ്രതിഷേധം.

മുക്കം: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയോരത്ത് കാപ്പുമലയിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട് ലെറ്റിന് ലൈസൻസ് പുതുക്കി നൽകാൻ തീരുമാനമെടുത്ത് മുക്കം നഗരസഭ ഭരണ സമിതി യോഗം.പ്രതിപക്ഷ മെമ്പർമാരുടെ ശക്തമായ പ്രതിഷേധം വകവെക്കാതെയായിരുന്നു തീരുമാനം.മുക്കം നഗരസഭ നൽകിയിരിക്കുന്ന നിലവിലെ ലൈസൻസ് 2026 ആഗസ്റ്റ് മാസം വരെ കാലാവധിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കാലാവധി തീരാൻ മാസങ്ങൾ ബാക്കിയിരിക്കെ ലൈസൻസ് പുതുക്കാൻ തിടുക്കം കാണിച്ചതിന് പിന്നിലെ ദുരൂഹത ഭരണസമിതി ജനങ്ങളോട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബീവറേജ് ഔട്ട്‌ലെറ്റിന്റെ ലൈസൻസ് പുതുക്കലിന് മുൻഗണന നൽകിയത് ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായ നടപടിയാണ്. ജനങ്ങളുടെ ആരോഗ്യവും സാമൂഹിക സുരക്ഷയും ബാധിക്കുന്ന വിഷയത്തിൽ പൊതുജനാഭിപ്രായം പോലും തേടാതെ മുന്നോട്ട് പോകാനുള്ള ശ്രമം അംഗീകരിക്കാനാവില്ലന്നും പ്രതിപക്ഷം പറഞ്ഞു.പ്രതിപക്ഷ കൗൺസിലർമാരുടെ സമ്മർദത്തെ തുടർന്ന് ഇക്കഴിഞ്ഞ 20 ന് മാറ്റി വെച്ച അജണ്ടയാണ് ബാഹ്യ സമ്മർദത്താൽ വീണ്ടും അജണ്ടയായി വന്നത്. മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഭരണസമിതി സ്വീകരിക്കുന്നതെന്ന ഗുരുതരമായ സംശയം ഈ നടപടിയിലൂടെ ശക്തിപ്പെടുന്നതാണന്നും പ്രതിപക്ഷം ആരോപിക്കുന്നു.സമൂഹത്തിൽ മദ്യാസക്തി വർധിപ്പിക്കുന്ന നയങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഒരു തീരുമാനവും മുക്കം നഗരസഭയിൽ നടപ്പാക്കാൻ അനുവദിക്കില്ല.പ്രതി പക്ഷ കൗൺസിലർമാർ പ്രതിഷേധ പ്രകടനം നടത്തി.വി അബ്ദുള്ളക്കുട്ടി,ശഫീഖ് മാടായി, ശരീഫ് വെണ്ണക്കോട് ,മുനീർ മുത്താലം,ഹനീഫ് തെചിയാട്, വി.എ റഹ്മത്ത്, ജിജി ജയരാജ്, എപി മുഹമ്മദ് നസിം, വി.ബനൂജ, ജസീല അസീസ്,ബമ്പിതമനോജ്, വി. ഗിരിജ ,ഷബാന,സുഹറവഹാബ് നേതൃത്വം നൽകി.അതേ സമയം പ്രതിപക്ഷ സമരം ബാർ മുതലാളിമാരെ സഹായിക്കാനാണന്ന് നഗര സഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി പറഞ്ഞു.


