
ഉള്ളിയേരി : പ്രഭാതസവാരിക്കിടെ മുഖത്ത് ചാടിക്കടിച്ച പട്ടിയെ സ്വയം കീഴ്‌പ്പെടുത്തി പൊതുപ്രവർത്തകൻ നാടിന് തുണയായി. നാറാംകുളങ്ങര ബാബുവാണ് (45) നായയെ ഒറ്റയ്ക്ക് കീഴടക്കിയത്.തിങ്കളാഴ്ച രാവിലെ ആറുമണിക്ക് പാലോറ സ്റ്റോപ്പ്-കക്കഞ്ചേരി റോഡിലൂടെ നടക്കുകയായിരുന്നു ബാബു. താപ്പള്ളിത്തടത്തിൽത്താഴെ എത്തിയപ്പോൾ പെട്ടെന്നുവന്ന പട്ടി മുഖത്തിനുനേരെ ചാടിക്കടിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ ബാബു വീണു. അപ്പോഴേക്കും മുഖത്തിന് കടിയേറ്റിരുന്നു. വീണ്ടും മുഖത്ത് കടിക്കാൻ നോക്കിയപ്പോൾ പെട്ടെന്നെഴുന്നേറ്റ് പട്ടിയെ കഴുത്തിൽ അമർത്തിപ്പിടിച്ച് അതിന്റെ ദേഹത്ത് കയറിയിരുന്നു. ആ ഇരിപ്പിൽ അടുത്തുള്ള വീട്ടുകാരെ വിളിച്ചുവരുത്തി. ആളുകളെത്തുമ്പോഴേക്കും നായ തളർന്നിരുന്നു. പുലർച്ചെയായതുകൊണ്ട് വഴിയിൽ ആളുകളുണ്ടായിരുന്നില്ല. തൊട്ടടുത്ത കടയിൽ സ്ഥാപിച്ച സി.സി.ടി.വി.യിൽ ദൃശ്യം നന്നായി പതിഞ്ഞിരുന്നു. സാഹസിക വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.ബാബുവിന്റെ അവസരോചിതമായ ഇടപെടൽമൂലം മറ്റ് ആളുകൾക്കും കാലികൾക്കും കടിയേൽക്കുന്നത് ഒഴിവായി. ഉള്ളിയേരി, വാകയാട്, തിരുവോട് പ്രദേശങ്ങളിൽ പട്ടിശല്യമുണ്ട്.



