എസ്.എം.എ. ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി വേനപ്പാറ യു.പി. സ്കൂൾ; 1.25 ലക്ഷം രൂപ കൈമാറി.

തിരുവമ്പാടി : എസ്.എം.എ. ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1,25,743 രൂപ ചികിത്സാസഹായ ജനകീയ കമ്മിറ്റിക്ക് കൈമാറി. കുട്ടികളുടെ ചികിത്സയ്ക്ക് കൈത്താങ്ങാകാൻ വിദ്യാർഥികൾ സ്വന്തം സമ്പാദ്യക്കുടുക്കകളിലെയും സഞ്ചയികയിലെയും പണം സംഭാവനയായി നൽകിയത് ശ്രദ്ധേയമായി.
ചികിത്സാനിധിയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ തുടർന്നും പങ്കാളികളാകുമെന്ന് വിദ്യാർഥികളും അധ്യാപകരും ജനകീയ കമ്മിറ്റിക്ക് ഉറപ്പുനൽകി. ആദ്യഘട്ടമായി സമാഹരിച്ച തുകയാണ് സ്കൂൾ അധികൃതർ കൈമാറിയത്.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും സ്കൂൾ ലീഡർ മിൻഹ ഫാത്തിമയും ചേർന്ന് തുക ചികിത്സാസഹായ കമ്മിറ്റി കൺവീനർ ഹനീഫ തെച്ച്യാടിന് കൈമാറി.
അധ്യാപകരായ ബിജു മാത്യു, പ്രഫുൽ വർഗീസ്, പി.എം. ഷാനിൽ, ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളായ സിബി തോമസ്, ബോസ് ഇലഞ്ഞിക്കൽ, ടി.ടി. ഷാജു, മാണിക്യൻ ഫാസിൽ, ആൽബിൻ മഞ്ചേരിൽ, നിയാസ്, അരുൺ, സജ്ജാദ് പയ്യൂളി തുടങ്ങിയവരും മറ്റു അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.



