
കോഴിക്കോട് :യുവതിയുടെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബേപ്പൂർ കിഴക്കുംപാടം ഷിജിത്ത് (പൂഴിക്കുട്ടൻ –41) ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ ഷിജിത്ത് അലമാരയിൽനിന്നു പണം എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചത് തടഞ്ഞതോടെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബേപ്പൂർ, നല്ലളം, ഫറോക്ക് സ്റ്റേഷൻ പരിധികളിൽ പൂഴിക്കടത്ത് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഷിജിത്ത്.
ബേപ്പൂർ സ്വദേശിയായ അഭിഭാഷകൻ എടത്തൊടി രാധാകൃഷ്ണനെ 2 തവണ വീട്ടിൽ കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. രാധാകൃഷ്ണൻ ഹൈക്കോടതിയിൽ നിന്നു പൊലീസ് സംരക്ഷണം നേടിയിരിക്കുകയാണ്. 2013ൽ പൂഴിക്കടത്തു തടയാൻ ശ്രമിച്ചതിനു മെഡിക്കൽ കോളജ് എസ്ഐ ഉല്ലാസിനെ വാഹനം ഇടിപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിലും ബേപ്പൂരിലെ സംഗീതാധ്യാപകനെയും മകനെയും റോഡിൽ വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
കഴിഞ്ഞ വർഷം നഗരത്തിൽ 20 കുപ്പി വിദേശമദ്യവുമായി പിടിയിലായിരുന്നു. ക്രിമിനൽ കേസിൽപെട്ട് ജാമ്യത്തിലിരിക്കെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂർ പൊലീസ് സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതി മുൻപാകെ അപേക്ഷ നൽകിയിട്ടുണ്ട്



