
മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിൽ ആരംഭിച്ച ബസ് സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര.
ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200 ഓളം ട്രിപ്പുകൾ ആണ് കോഴിക്കോട് ജില്ലയിൽ നടത്തുക. ചരിത്രപരമായ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ ഉദ്ദേശം. ദിവസവും ഒരു ബസ് സർവീസാണുണ്ടാവുക. 200 രൂപയായിരിക്കും ചാർജ്. ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ നഗരം ചുറ്റി കാണാം. 30 വയസ്സുമുതൽ 80 വയസ്സുവരെയുള്ളവർ പങ്കെടുത്തുകൊണ്ടാണ് നാളത്തെ യാത്ര.
കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് പ്ലാനെറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്‌കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്ക്വയർ എന്നിവ വഴിയാണ് കടന്നുപോകുന്നത്.



